
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനാരോപണത്തെ തുടര്‍ന്ന് ചിറയിന്‍കീഴില്‍ സംഘടിപ്പിച്ച യുഡിഎഫിന്റെ ‘ഇന്ദിരാ ഗ്യാരണ്ടി’ ബസ് യാത്ര വിവാദത്തിൽ. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെട്ട് ജില്ലാ കളക്ടറില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ട്രയല്‍ റണ്‍ ആയി നടത്തിയ ബസ് യാത്ര ചട്ടലംഘനമാണെന്നാരോപിച്ച് എല്‍ഡിഎഫ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. തുടര്‍ന്ന് ഇലക്ഷന് സ്ക്വാഡ് ബസ് യാത്ര തടഞ്ഞു. നിയമലംഘനവും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്കെതിരായ നടപടിയുമാണെന്ന് ആരോപിച്ചാണ് ഇടപെടല്‍.
ചിറയിന്‍കീഴ് മുതല്‍ കോരാണി വരെയും തിരിച്ചുമുള്ള യാത്രയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു. എന്നാല്‍ ബസ് കോരാണിയിലെത്തിയപ്പോള്‍ സ്ക്വാഡ് തടഞ്ഞു. മടക്ക യാത്രയ്ക്കായി ബസില്‍ കയറിയവരെ ഇറക്കി വിടുകയും, റൂട്ടിലുള്ള സാധാരണ ബസുകളില്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യണമെന്നും നിര്‍ദേശിക്കുകയും ചെയ്തു. ബസിന് പുറത്ത് പതിപ്പിച്ചിരുന്ന പ്രചാരണ സാമഗ്രികളും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് മടക്ക യാത്ര ഉപേക്ഷിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് വിവിധ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബസ് യാത്ര സംഘടിപ്പിച്ചത്. ‘പുതുയുഗ യാത്ര’ സമാപനത്തില്‍ പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികളില്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്രയും ഉള്‍പ്പെടുന്നു.



