
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ നിഷ്ക്രിയ ദയാവധത്തിന് വിധേയനായ ഹരീഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു. ഹൃദയ വാല്‍വുകളും കോര്‍ണിയയും കുടുംബത്തിന്റെ സമ്മതമനുസരിച്ചാണ് ദാനം ചെയ്തത്. ഇന്ന് രാവിലെ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്ക് ശ്മശാനത്തില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു.
ഗാസിയാബാദ് സ്വദേശിയായ ഹരീഷ് റാണ 2013 മുതല്‍ ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നു. പഞ്ചാബ് സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ വാടകവീട്ടില്‍നിന്ന് വീണ് പരിക്കേറ്റതാണ് ഈ അവസ്ഥയ്ക്ക് കാരണം. സാമ്പത്തിക ബുദ്ധിമുട്ടുകളും ദീര്‍ഘകാല വേദനയും പരിഗണിച്ച് കുടുംബം ദയാവധത്തിന് അപേക്ഷിച്ചു. മാര്‍ച്ച് 11ന് സുപ്രീംകോടതി ചികിത്സകള്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഹരീഷിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റി.
‘കോമണ്‍ കോസ്’ കേസിലെ വിധി അടിസ്ഥാനമാക്കി നിഷ്ക്രിയ ദയാവധത്തിന് അനുമതി നല്‍കിയത് രാജ്യത്തെ ആദ്യത്തെ സംഭവമായിരുന്നു. ജീവിതാന്തസ്സും രോഗിയുടെ മാന്യതയും മുന്‍നിര്‍ത്തിയുള്ള വിധിക്ക് പിന്നാലെ, അവയവദാനം വഴി ഹരീഷ് റാണയുടെ ജീവിതം മറ്റുള്ളവര്‍ക്ക് പ്രതീക്ഷയായി മാറിയെന്ന വിലയിരുത്തലാണ് ഉയരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


