ചെങ്ങന്നൂര്‍ താലൂക്കിലെ പുലിയൂര്‍ വില്ലേജിലുള്ള നിലം അനധികൃതമായി നികത്തി ഇരുനില കെട്ടിടം നിര്‍മ്മിച്ചു; മുന്‍ എംഎല്‍എ ശോഭന ജോര്‍ജിനെതിരെ പരാതി, നിരോധന ഉത്തരവ് നല്‍കി റവന്യു വകുപ്പ്

Spread the love

ചെങ്ങന്നൂര്‍: അനധികൃതമായി നിലം നികത്തി കെട്ടിടം നിര്‍മ്മിച്ചതിനെതിരെ മുന്‍ എംഎല്‍എ ശോഭന ജോര്‍ജിനെതിരെ പരാതി. പരാതിയിന്‍മേല്‍ റവന്യു വകുപ്പ് നിരോധന ഉത്തരവ് നല്‍കി.

video
play-sharp-fill

ചെങ്ങന്നൂര്‍ താലൂക്കിലെ പുലിയൂര്‍ വില്ലേജിലുള്ള നിലം അനധികൃതമായി നികത്തി ഇരുനില കെട്ടിടം നിര്‍മ്മിച്ചതിനെതിരെ പൊതുപ്രവര്‍ത്തകനായ പി.ജി കൃഷ്ണകുമാര്‍ റവന്യൂ, പഞ്ചായത്ത് അധികാരികള്‍ക്ക് നല്‍കിയ പരാതിയിലാണ് നിരോധന ഉത്തരവ് നല്‍കിയത്.

ഇതേ തുടര്‍ന്ന് അന്വേഷണം നടത്തിയ ചെങ്ങന്നൂര്‍ എല്‍.ആര്‍ തഹസീല്‍ദാര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലിയൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ (പേരിശേരി) ബ്ലോക്ക് നമ്പര്‍ 9ല്‍ 7643 നമ്പര്‍ തണ്ടപ്പേരിലുള്ള റീസര്‍വേ 292/2ല്‍ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടുള്ള 13.56 ആര്‍ ഉള്‍പ്പെടെ 26 ആര്‍ നിലത്തില്‍ 47 മീറ്റര്‍ നീളത്തില്‍ 32 മീറ്റര്‍ വീതിയില്‍ 1.50 മീറ്റര്‍ താഴ്ചയില്‍ 2,256 ക്യൂബിക് മീറ്റര്‍ സ്ഥലം അനധികൃതമായി മണ്ണിട്ട് നികത്തിയതിനെതിരെയാണ് നിരോധന ഉത്തരവ് നല്‍കിയത്.

പുതിയതായി ഫാം ഹൗസ് പോലുള്ള ഒരു കെട്ടിടമാണ് നിര്‍മ്മിച്ചിട്ടുള്ളത് കെട്ടിടത്തിന്റെ മുന്‍വശത്ത് ചതുരാകൃതിയില്‍ കുളം നിര്‍മ്മിച്ചിട്ടുള്ളതും ചുറ്റുപാട് സ്ഥലങ്ങളില്‍ പല വൃക്ഷത്തൈകള്‍ ചെടികള്‍ എന്നിവ നട്ടുവളര്‍ത്തുന്നതായും കാണുന്നതായി വില്ലേജ് ഓഫീസര്‍ തയ്യാറാക്കിയ മഹസറില്‍ പറയുന്നു.

ഇവിടെ കെട്ടിടം നിര്‍മ്മിച്ചതിന് പഞ്ചായത്തില്‍ നിന്നും നിര്‍മ്മാണ അനുമതി നല്‍കിയിട്ടില്ലെന്നും ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയതായും പുലിയൂര്‍ പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

കഴിഞ്ഞ സിപിഎം നേതൃത്വത്തിലുള്ള പുലിയൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ അറിവോടെയാണ് അനധികൃതമായി നിലനിര്‍ത്തിയതെന്ന് വ്യാപകമായ ആക്ഷേപമുണ്ട്.

തുടര്‍ന്ന് വന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാതെ ഒത്താശ നല്‍കുകയായിരുന്നുവെന്നും പറയുന്നു.

സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡില്‍ തന്നെ അനധികൃതമായി നിലം നികത്തി കെട്ടിടം നിര്‍മ്മിച്ചിട്ടും യാതൊരു നിയമ നടപടിയും സ്വീകരിക്കാതെ എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.

ഏകദേശം 250ല്‍ പരം ലോഡ് മണ്ണാണ് നിലം നികത്തുന്നതിനായി ഉപയോഗിച്ചതെന്നും നിലം നികത്തിയതോടെ മഴക്കാലത്ത് റോഡിലൂടെയുള്ള യാത്ര വെള്ളക്കെട്ട് മൂലം ദുഃസഹമായി മാറുമെന്നും നാട്ടുകാര്‍ പറഞ്ഞു.

മഴപെയ്തു കഴിഞ്ഞാല്‍ വാഹനങ്ങള്‍ക്ക് പോകാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. കാല്‍നടയാത്രക്കാര്‍ക്ക് പോലും നടന്നു പോകാന്‍ കഴിയില്ല. അത്രയേറെ വെള്ളക്കെട്ടാണ് ഇതിന് സമീപത്തുള്ള പഞ്ചായത്ത് റോഡില്‍ ഉണ്ടാകുന്നത്.

ഇതിനെതിരെ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ചിട്ടില്ല.

സാധാരണപ്പെട്ടവര്‍ എവിടെയെങ്കിലും ഒരു കുഴി നികത്താന്‍ കുറച്ചു മണ്ണിടുമ്പോഴേക്കും റവന്യൂ അധികാരികള്‍ ഓടിയെത്തുമെന്നും കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരമാണോ എന്ന് പരിശോധിക്കുകയും ചെയ്യേണ്ട അധികാരികള്‍ വ്യാപകമായി നിലം നികത്തി കെട്ടിടം വെച്ചിട്ടും എന്താണ് നടപടി എടുക്കാത്തത് എന്ന് നാട്ടുകാര്‍ ചോദിച്ചു.

സര്‍ക്കാരിന്റെ തണലില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അധികാര സ്ഥാനത്തിനിരിക്കുന്നവര്‍ നടത്തുമ്പോള്‍ റവന്യു, പഞ്ചായത്ത് അധികാരികളും രാഷ്ട്രീയ പാര്‍ട്ടികളും തികഞ്ഞ മൗനത്തിലാണ്. ഇതിനെതിരെ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിമാര്‍ക്കും പരാതി നല്‍കും.