
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കൊടുവിൽ ലോക്‌സഭയിൽ ട്രാൻസ്‌ജെൻഡർ ബിൽ ഭേദഗതി പാസായി.
അവകാശങ്ങൾക്ക് മേലുള്ള ആക്രമണം എന്നാണ് ബില്ലിനെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. എന്നാൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിന് കൃത്യമായ സുരക്ഷയും ആനുകൂല്യവും ഉറപ്പാക്കാനാണ് ഭേദഗതി കൊണ്ടുവന്നതെന്ന് കേന്ദ്രമന്ത്രി വീരേന്ദ്ര കുമാർ അറിയിച്ചു.
കിന്നർ, ഹിജഡ, അരവാണി, ജോഗ്ത തുടങ്ങിയുള്ള സാമൂഹികവും സാംസ്‌കാരികവുമായ സ്വത്വമുള്ളവരെയേ ഇനി ട്രാൻസ്‌ജെൻഡർ ആയി അംഗീകരിക്കൂ. വ്യക്തിതാൽപര്യത്താലോ, സ്വയം പ്രഖ്യാപിച്ച ലിംഗസ്വത്വമുള്ളവരെയോ ഇനി ട്രാൻസ്‌ജെൻഡറായി കണക്കാക്കില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2019ലെ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ (അവകാശ സംരക്ഷണം) നിയമം ഭേദഗതി ചെയ്യുന്നതാണ് ലോക്‌സഭ പാസാക്കിയ ബിൽ.
ട്രാൻസ്‌ജെൻഡർ വ്യക്തിത്വം സ്ഥിരീകരിക്കാൻ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കും. ജില്ലാ മജിസ്‌ട്രേറ്റിന് ആ വ്യക്തി അപേക്ഷ നൽകും. മജിസ്‌ട്രേറ്റുകൾ തിരിച്ചറിയൽ രേഖ നൽകും.
കോൺഗ്രസ്, ശിവസേന, എൻസിപി, ആർജെഡി. എസ്‌പി, എഐടിസി തുടങ്ങി വിവിധ പ്രതിപക്ഷ പാർട്ടികൾ മനുഷ്യന്റെ അന്തസിനെ കാത്തുസൂക്ഷിക്കുന്നതിനുള്ള അടിസ്ഥാന തത്വങ്ങൾ ലംഘിച്ചെന്നുകാട്ടി ബില്ലിനെ ശക്തമായി എതിർത്തു.
സുപ്രീം കോടതി വിധിയുടെ ലംഘനമാണിതെന്നും അവർ ചൂണ്ടിക്കാട്ടി. കൂടുതൽ ചർച്ചകൾക്കായി ബിൽ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്നും അവർ ആവശ്യപ്പെട്ടു. ശബ്‌ദവോട്ടോടെയാണ് സഭ ബിൽ പാസാക്കിയത്.



