
കോട്ടയം: വിമതരെ അനുനയിപ്പിക്കാന്‍ അവസാനവട്ട ശ്രമങ്ങള്‍ നടത്തി പാര്‍ട്ടികള്‍. സംസ്ഥാനത്ത് ഇക്കുറി ഇടത് വലത് മുന്നണികള്‍ക്കു വിമത ഭീഷണി ഉണ്ട്.
ഏറ്റവും കൂടുതല്‍ വിമത സ്ഥാനാര്‍ഥികള്‍ എല്‍.ഡി.എഫിനാണ്. ഇവരില്‍ നാലുപേര്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം വിമതര്‍ എല്‍.ഡി.എഫിനെതിരെ മത്സരിക്കുന്നത്.
പാര്‍ട്ടിയുമായി പതിറ്റാണ്ടുകളുടെ ബന്ധമുള്ള ടി.കെ ഗോവിന്ദന്, ജി. സുധാരകന്, വി കുഞ്ഞികൃഷ്ണന് എന്നിവര്‍ പാര്‍ട്ടിയോടുള്ള വിയോജിപ്പ് തുറന്നു പറഞ്ഞു പുറത്തു വന്നവരാണ്.
അതേസമയം, പാര്‍ട്ടിയെ തള്ളിപറഞ്ഞവരെ തിരികെ വിളിക്കില്ലെന്ന നിലപാടിലാണു സി.പി.എം. ജി സുധാകരന് ചെയ്തത് ചെറ്റത്തരമായി പോയി എന്നു മുഖ്യമന്ത്രി തന്നെ പറയുകയും ചെയ്തു. വര്‍ഗ വഞ്ചകരായാണ് സി.പി.എം വിമതരെ കാണുന്നത്.
അതേസമയം, മുന്‍വര്‍ഷത്തെ അപേക്ഷിച്ചു കുറവാണെങ്കിലും യു.ഡി.എഫിലും അങ്ങിങ്ങായി വിമത ശല്യങ്ങള് ഉണ്ട്. കുട്ടനാട്ടില്‍ ഉള്‍പ്പടെ കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്തില്ലെന്ന് ആരോപിച്ചാണ് വിമതന് മത്സരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുനലൂരില്‍ വിമത സ്ഥാനാര്‍ഥിയാകുമെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത ഡി.സി.സി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാനെ നേരിട്ടെത്തി ആശ്വസിപ്പിച്ചു പാര്‍ട്ടിയില്‍ ഉറപ്പിച്ച് നിര്‍ത്തിയത് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിയാണ്.
സീറ്റ് നിഷേധിക്കപ്പെട്ടവര്‍ക്ക് പാര്‍ട്ടി അര്‍ഹമായ പരിഗണന നല്കുമെന്നു കെ.സി വേണുഗോപാല്‍ ഉറപ്പു നല്‍കിയിരുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ അതൃപ്തരായവരെ ശാന്തരാക്കുന്നുണ്ട്.
കാര്യമായ വിമത ശല്യം ഇല്ലാത്തത് എന്‍.ഡി.എയ്ക്കു മാത്രമാണ്. കാഞ്ഞിരപ്പള്ളി സീറ്റിനെ ചൊല്ലി നോബിള്‍ മാത്യൂ വിമത സ്വരം ഉയര്‍ത്തിയെങ്കിലും പാര്‍ട്ടി നേതൃത്വത്തിന് വഴങ്ങിയിരുന്നു.
ഈ മാസം 26 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. ഇനി വെറും പതിനാറ് ദിവസം കഴിഞ്ഞാല്‍ കേരളം പോളിംഗ് ബൂത്തിലേക്കെത്തും.



