
തിരുവനന്തപുരം : വേനൽ കടുത്തതോടെ പലതരം പകർച്ചവ്യാധികളും തലപൊക്കി.ഷിഗെല്ല കോഴിക്കോട് പെരുവയൽ പഞ്ചായത്തിലെ മൂന്നര വയസുകാരിയുടെ ജീവനെടുക്കുകയും നിരവധി പേരെ പിടികൂടുകയും ചെയ്തു.
മലിനജലം,ശുചിത്വമില്ലാത്ത ഭക്ഷണം എന്നിവ വഴിയാണ് ഷിഗെല്ല ബാക്ടീരിയ ശരീരത്തിലെത്തുന്നത്. വൃത്തിഹീനമായി തയ്യാറാക്കിയ ശീതളപാനീയങ്ങളും വേവിക്കാത്ത ഭക്ഷണവും കഴിക്കുന്നത് രോഗകാരണമാകും.
അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്ക് രോഗപ്രതിരോധ ശേഷികുറവായതിനാലും കൈവിരലുകൾ വായിൽ വയ്ക്കുന്നത് പതിവായതിനാലും പ്രത്യേക ശ്രദ്ധവേണമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുതിർന്നവരിൽ ഗുരുതരമായല്ലെങ്കിലും രോഗപ്പകർച്ചയുണ്ടാകും.ഷിഗെല്ല ബാധിച്ച വ്യക്തി തയ്യാറാക്കുന്ന ഭക്ഷണത്തിലൂടെ രോഗം പകരാം. ശരീരത്തിലെത്തുന്ന ബാക്ടീരിയകളെ ആമാശയത്തിലുള്ള അമ്ലം നശിപ്പിക്കും. എന്നാൽ,ഷിഗെല്ലയ്ക്ക് അതിനെ അതിജീവിക്കാനുള്ള കഴിവുണ്ടെന്നതാണ് അപകടം.
ഷിഗൈല്ല ശരീരത്തിലെത്തി മൂന്നു ദിവസത്തിനുള്ളിൽ പനിയും വയറിളക്കവുമായി ലക്ഷണങ്ങൾ പ്രകടമാക്കും. എന്നാൽ ചിലരിൽ ഇത് വൻകുടലിനെ ബാധിച്ച് മുറിവുകളുണ്ടാക്കുന്നതോടെ മലത്തിൽ രക്തം കാണും.കുടലിലെ മുറിവ് ഗുരുതരമാകുന്നത് തടയാൻ അടിയന്തരമായി വൈദ്യസഹായം തേടണം.
ഷിഗൈല്ല ബാധിച്ചാൽ ഒ.ആർ.എസ് കുടിച്ച് നിർജ്ജലീകരണം ഒഴിവാക്കണം. ഡോക്ടറുടെ നിർദ്ദേശപ്രകാരം സിങ്ക് ഗുളികകൾ കഴിക്കണം.ചെറിയ കുട്ടികളിൽ ഉയർന്ന പനിയോടൊപ്പം അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളുമുള്ളതിനാൽ കൃത്യമായ പരിചരണം വേണം.
പ്രതിരോധ മാർഗങ്ങൾ
ഭക്ഷണത്തിന് മുൻപും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പിട്ട് കഴുകണം.
കുട്ടികളുടെ ഡയപ്പർ സുരക്ഷിതമായി മറവു ചെയ്യണം.
ഡയപ്പർ മാറ്റിയാൽ കൈകൾ വൃത്തിയാക്കണം,
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
രോഗലക്ഷണങ്ങളുള്ളവർ ഭക്ഷണം പാകം ചെയ്തു നൽകരുത്.
ഈച്ച ഭക്ഷണത്തിലിരിക്കുന്ന സാഹചര്യമുണ്ടാകരുത്.
ഭക്ഷണം തുറന്ന് വയ്ക്കരുത്.



