ഓട്ടോമാറ്റിക്കായിട്ടും വാതിലടച്ചില്ല: രാമപുരത്ത് വീട്ടമ്മ മരിച്ചത് ബസ് ജീവനക്കാരുടെ ക്രൂരമായ അശ്രദ്ധമൂലം; ജില്ലയിൽ ഡോറടയ്ക്കാത്ത സ്വകാര്യ ബസുകൾക്കെതിരെ നടപടി ശക്തമാക്കാൻ പൊലീസ്
സ്വന്തം ലേഖകൻ
പാലാ: സ്വാതന്ത്ര്യദനത്തിന്റെ പിറ്റേന്ന് രാമപുരത്ത് സ്വകാര്യ ബസിൽ നിന്നും വയോധിക വീണു മരിച്ചത് ബസ് ജീവനക്കാരുടെ ക്രൂരമായ അശ്രദ്ധ ഒന്നുകൊണ്ടു മാത്രമെന്ന് റിപ്പോർട്ട്. ഓട്ടോമാറ്റിക്കായ വാതിലുണ്ടായിട്ടും, ഇത് അടയ്ക്കാതെ പോയതോടെയാണ് വയോധിക ബസിൽ നിന്നും തെറിച്ചു വീണ് മരിക്കാൻ ഇടയായ അപകടമുണ്ടായതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാമപുരം കിഴതിരി നീറന്താനം ഒഴുകയിൽ ഒ.ടി തോമസിന്റെ ഭാര്യ മേരി (69)യാണ് സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേന്ന് രാമപുരത്തുണ്ടായ അപകടത്തിൽ സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൾ ദിവ്യ(37)യ്ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബസിന്റെ ഡോർ അടയ്ക്കാതെയാണ് ഇവർ വാഹനം സർവീസ് നടത്തിയതെന്ന് കണ്ടെത്തിയത്. ബസ് ഡ്രൈവർ ഉടുമ്പന്നൂർ മുളപ്പുറം ചെറുകുന്നത്ത് സി. എസ്. അനുമോൻ (29), കണ്ടക്ടർ പ്ലാശനാൽ മണ്ഡപത്തിൽ വിഷ്ണു (21) എന്നിവരെയാണ് രാമപുരം സിഐ എ. അജേഷ്‌കുമാറിനെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി. പിന്നീട് ജാമ്യത്തിൽ വിട്ടു. ഇരുവർക്കുമെതിരെ അശ്രദ്ധമായ ഡ്രൈവിംഗിനാണ് കേസെടുത്തിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് സ്‌ക്വാഡ് അപകടത്തിന് ഇടയാക്കിയ ശ്രാവൺ ബസ് പരിശോധനക്ക് വിധേയമാക്കി. വാതിലുകൾ പ്രവർത്തനക്ഷമാണോയെന്ന് പ്രധാനമായും പരിശോധിച്ചത്. ബസിന്റെ ഇരു വാതിലുകളും എയർ കംപ്രസ്സർ ഉപയോഗിച്ച് പ്രവർത്തിക്കുന്നവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും ഈ വാതിലുകൾ രണ്ടും അടയ്ക്കാൻ ബസ് ജീവനക്കാർ തയ്യാറായിരുന്നില്ല. ഇത് അശ്രദ്ധയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പൊലീസിന്റെ നിർദ്ദേശം അനുസരിച്ച് വിശദമായ തുടർ പരിശോധനകൾ നടത്തുമെന്നും വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ഡ്രൈവർ അനുമോൻ, കണ്ടക്ടർ വിഷ്ണു എന്നിവരെ ഉഴവൂർ ജോയിൻറ് ആർടിഒ ഓഫീസിൽ വിളിച്ചുവരുത്തി മൊഴി എടുത്തിട്ടുണ്ട്. ഇരുവരിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം മറുപടി നൽകാൻ ഏഴുദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച വിശദമായ റിപ്പോർട്ട് ആർഡിഒക്ക് നൽകുമെന്ന് എം.വി.ഐ ചന്ദ്രലാൽ പറഞ്ഞു.