
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണത്തിന്റെ അന്തിമ കണക്ക് പുറത്ത്. സംസ്ഥാനത്ത് ഇത്തവണ 1202 നാമനിർദ്ദേശ പത്രികകളാണ് സമർപ്പിച്ചിട്ടുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി അറിയിച്ചു.
ഏറ്റവും കൂടുതൽ പേർ പത്രിക സമർപ്പിച്ചത് കൊടുവള്ളി മണ്ഡലത്തിലാണ്. ഇവിടെ 18 പേരാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ ആകെ നാമനിർദേശപത്രിക സമർപ്പിച്ചത് 223 പേരാണ്. ഡമ്മി സ്ഥാനാർഥികൾ ഉൾപ്പെടെയുള്ളവരുടെ പത്രിക സമർപ്പണത്തിന്റെ കണക്കാണ് ഇന്നത്തേത് എന്നതിനാൽ തന്നെ സംസ്ഥാനത്തെ അന്തിമ പോരാട്ട ചിത്രം തെളിഞ്ഞിട്ടില്ല.
സമർപ്പിക്കപ്പെട്ട പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്. ഇവരെ 26 നകം അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. ഇതിന് ശേഷമാകും കേരളത്തിലെ യഥാർത്ഥ മത്സര ചിത്രം തെളിയുക.
സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. ഇത്തവണ 2.72 കോടി വോട്ടർമാരാണ് കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കാൻ വിധിയെഴുതുന്നത്.



