play-sharp-fill
ശ്രീറാമിനും അൻവറിനും പിന്നാലെ ഓമനക്കുട്ടനും : മാധ്യമങ്ങളെ അടിക്കാൻ പ്രളയകാലത്ത് സിപിഎമ്മിന് വീണ്ടും വടി കിട്ടി: ജാഗ്രതക്കുറവിന് മനോരമ അടക്കമുള്ള ചാനലുകൾ വില നൽകിയത് വിശ്വാസ്യത

ശ്രീറാമിനും അൻവറിനും പിന്നാലെ ഓമനക്കുട്ടനും : മാധ്യമങ്ങളെ അടിക്കാൻ പ്രളയകാലത്ത് സിപിഎമ്മിന് വീണ്ടും വടി കിട്ടി: ജാഗ്രതക്കുറവിന് മനോരമ അടക്കമുള്ള ചാനലുകൾ വില നൽകിയത് വിശ്വാസ്യത

സ്വന്തം ലേഖകൻ

ആലപ്പുഴ:  മാധ്യമങ്ങളെ എന്നും സി പി എം ശത്രു പക്ഷത്താണ് നിർത്തിയിരുന്നത്. മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങൾ പടച്ചു വിടുന്നത് നുണയാണെന്നാണ് പാർട്ടി ക്ലാസുകളിൽ പഠിപ്പിക്കുന്നത് പോലും. ഈ മാധ്യമങ്ങളെ അടിക്കാൻ സി പി എമ്മിന് ഇപ്പോൾ മൂന്ന് വടി കിട്ടിയിരിക്കുകയാണ്. ഈ വടി പാർട്ടിയുടെ കയ്യിൽ വച്ച് നൽകിയത് ഇത മാധ്യമങ്ങൾ തന്നെയാണ് എന്നതാണ് ഏറെ രസകരം.
ശ്രീറാം വെങ്കിട്ടരാമൻ മൂന്നാർ സബ് കളക്ടർ ആയിരിക്കെ സർക്കാറിനെതിരായി ഇദ്ദേഹത്തെ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് അത് ഇതേ മാധ്യമങ്ങൾ ആയിരുന്നു. ശ്രീറാം വെങ്കിട്ടരാമനെ നീതിയുടെയും ന്യായത്തിന്റെയും മാതൃകാ പുരുഷനായാണ് അന്ന് മാധ്യമങ്ങൾ ഉയർത്തിക്കാട്ടിയത്. ഇദ്ദേഹത്തെ സ്ഥലം മാറ്റുന്നതിനുള്ള സർക്കാർ നീക്കത്തെ അന്ന് മാധ്യമങ്ങൾ പല്ലും നഖവും ഉപയോഗിച്ചാണ് എതിർത്തത്.
എന്നാൽ ,  വർഷങ്ങൾക്കിപ്പുറം ഇതേ മാധ്യമങ്ങൾ തന്നെ ശ്രീറാമിനെതിരെ രംഗത്ത് എത്തി. മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വണ്ടിയിടിച്ച് ശ്രീറാം കൊലപ്പെടുത്തിയതായിരുന്നു ഇത്തവണ മാധ്യമങ്ങളുടെ പ്രകോപനം. ഇത്തവണയും മാധ്യമങ്ങളുടെ ഇരയായെങ്കിലും സർക്കാരും സിപിഎമ്മും പക്ഷേ ഇത്തവണ സന്തോഷത്തിലായിരുന്നു. ആദ്യം ഉയർത്തിക്കൊണ്ടുവന്ന ബിംബത്തെ മാധ്യമങ്ങൾ തന്നെ തകർക്കുന്നതാണ് ശ്രീറാം വെങ്കിട്ടരാമൻ വിഷയത്തിൽ കണ്ടത്. ഇത് സി പി എമ്മിനെയും സർക്കാരിനെയും സന്തോഷിപ്പിച്ചതും. ഇത് സി പി എമ്മിന്റെ സൈബർ സഖാക്കൾ ഏറ്റെടുത്ത് ആഘോഷമാക്കുകയും ചെയ്ത്. മാധ്യമങ്ങളുടെ ബിംബ സൃഷ്ടികളെല്ലാം ഇങ്ങനെ ആണെന്നായിരുന്നു പ്രചാരണം.
മലപ്പുറത്ത് ഉരുൾ പൊട്ടലുണ്ടായപ്പോൾ പി.വി ആൻവർ എം.എൽഎയുടെ വാഹനത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം അപകട സ്ഥലത്ത് എത്തിയത്. ഇത് കൂടാതെ അൻവർ നടത്തിയ രക്ഷാപ്രവർത്തനത്തെ പുകഴ്ത്തിയും സോഷ്യൽ മീഡിയ രംഗത്ത് എത്തി.  അനധികൃത തടയണ നിർമ്മിച്ചതിന്റെയും പാർക്കിന്റെയും പേരിൽ പഴി കേട്ട അൻവറിനെ വിശുദ്ധ വത്കരിക്കാനുള്ള ശ്രമമാണ് ഉരുൾ പൊട്ടലിന്റെ രക്ഷാ പ്രവർത്തനത്തിന്റെയും ഏഷ്യാനെറ്റ് വാർത്തയുടെയും മറവിൽ സി പി എം സൈബർ സഖാക്കൾ ഇപ്പോൾ നടത്തുന്നത്.
ഇതിന് ശേഷമാണ് ഏറ്റവും ഒടുവിൽ സി പി എം നേതാവ് ഓമനക്കുട്ടന്റെ വിഷയം എത്തിയത്.
ദുരിതാശ്വാസ ക്യാമ്പില്‍ അനധികൃത പണപ്പിരിവ് നടത്തിയെന്ന ആരോപണം നേരിടേണ്ടി വന്ന സിപിഎം പ്രാദേശിക നേതാവ് എന്‍ എസ് ഓമനക്കുട്ടന്റെ വാർത്ത ഇതേ മാധ്യമങ്ങൾ തന്നെ തിരുത്തുകയും ചെയ്തതോടെ സി പി എം ആരോപണം കൂടുതൽ കരുത്തുറ്റതായത്.
എനിക്കാരോടും പരാതിയില്ല, വിഷമമുണ്ട്, അതെന്നെ കുറിച്ച് നിങ്ങള്‍ നുണ പറഞ്ഞതിലല്ല, എന്‍റെ പാര്‍ട്ടിയേയും സര്‍ക്കാരിനേയും അവഹേളിക്കാന്‍ ഞാനൊരു നിമിത്തമായല്ലോ എന്നോര്‍ത്ത് – ഇതായിരുന്നു ഓമനക്കുട്ടന്റെ പ്രതികരണവും.
ചേര്‍ത്തല കുറുപ്പന്‍ കുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗമായ ഓമനക്കുട്ടന്‍ ചേര്‍ത്തല തെക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിച്ചു വരുന്ന ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികളോട് പണം പിരിച്ചു എന്നു വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതോടെ ഇദ്ദേഹത്തിനെതിരേ ക്രിമനല്‍ കേസ് എടുക്കാന്‍ പൊലീസിന് റവന്യു വിഭാഗം നിര്‍ദേശം നല്‍കുകയും പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ക്യാമ്പ് അംഗങ്ങളില്‍ നിന്നും നിര്‍ബന്ധപൂര്‍വം പണം പിരിക്കുകയല്ലായിരുന്നു ഓമനക്കുട്ടന്‍ ചെയ്‌തെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെയുള്ള പൊലീസ് നടപടികളും പാര്‍ട്ടി നടപടികളും പിന്‍വലിച്ചിരിക്കുകയാണ്. ക്യാമ്പിലേക്ക അവശ്യമായ ആഹാര സാധാനങ്ങള്‍ എത്തിച്ചതിന്റെ വാഹനക്കൂലി അന്തേവാസികളെല്ലാവരും കൂടി പരിച്ചെടുത്ത് ക്യാമ്പ് കണ്‍വീനര്‍ കൂടിയായ ഓമനക്കുട്ടനെ ഏല്‍പ്പിക്കുകയായിരുന്നു. ഇതാണ് മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണാജനകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

വാസ്തവം എല്ലാവരും തിരിച്ചറിഞ്ഞതിന്റെ സന്തോഷത്തിലും താന്‍മൂലം പാര്‍ട്ടിക്കും സര്‍ക്കാരിനും കുറച്ച് സമയത്തേക്കെങ്കിലും ചീത്തപ്പേര് ഉണ്ടായത് മാത്രമാണ് തന്നെ ഇപ്പോഴും അലട്ടുന്നതെന്നാണ് ഓമനക്കുട്ടന്‍ പറയുന്നത്.   ചില ബിജെപിക്കാര്‍ ചെയ്ത ചാരപ്പണിയായിരുന്നു. നമുക്കൊന്നും ഒളിക്കാന്‍ ഇല്ലാതിരുന്നതുകൊണ്ടാണ് കാമറയെടുക്കുകയാണെന്ന് അറിഞ്ഞിട്ടും ഞാനവരോട് സംസാരിച്ചത്. അവരത് സര്‍ക്കാരിനേയും പാര്‍ട്ടിയേയും അവഹേളിക്കാന്‍ ഉപയോഗിച്ചു. കൊച്ചുപ്രായത്തിലെ ചെങ്കൊടി പിടിച്ചു തുടങ്ങിയൊരാളാണ് ഞാന്‍. ഇതുവരെ പാര്‍ട്ടിക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല. ഒരു സഖാവ് എന്ന നിലയില്‍ ജനങ്ങള്‍ക്കു വേണ്ടി മാത്രമെ നിന്നിട്ടുള്ളൂ. ഈ ക്യാമ്പില്‍ തന്നെ സിപിഎമ്മുകാരും ബിജെപിക്കാരും കോണ്‍ഗ്രസുകാരും എല്ലാവരും ഉണ്ട്. ഒരു ദുരിതം വരുമ്പോള്‍ പാര്‍ട്ടിയും ജാതിയുമൊന്നും ഇല്ലല്ലോ. നമ്മളെക്കൊണ്ട് സഹായിക്കാന്‍ കഴിയുന്നപോലെ എല്ലാവര്‍ക്കും ചെയ്തുകൊടുക്കും. ഒരു പട്ടികജാതി കോളനിയിലെ താമസക്കാരനാണ് ഞാന്‍. ഒരു കൊച്ച് വീടേ എനിക്കുള്ളൂ. നന്നായൊന്നു മഴ പെയ്താല്‍ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വരും. നാട്ടുകാരോട് കാശ് പിരിക്കുന്നവനാണെങ്കില്‍ ഇനിക്ക് ഇതിനേക്കാള്‍ നന്നായി ജീവിക്കാമായിരുന്നില്ലേ? കരിങ്കല്‍ പണിക്കു പോയാണ് ഞാനെന്റെ കുടുംബം നോക്കുന്നത്. ആ പണിയില്ലെങ്കില്‍ വേറെ എന്തിനെങ്കിലും പോകും. അദ്ധ്വാനിച്ച് ഉണ്ടാക്കുന്നതല്ലാതെ മറ്റൊരു വഴിയിലും സമ്പാദിക്കുന്ന ഒരു രൂപപോലും ഞാനെന്റെ വീട് നോക്കാന്‍ ചെലവാക്കിയിട്ടില്ല. കിട്ടുന്നതില്‍ നിന്നും ഒരു പങ്ക് എന്തെങ്കിലും സഹായം ചോദിച്ചു വരുന്നവര്‍ക്ക് കൊടുത്തിട്ടേയുള്ളൂ. എന്റെ ബുദ്ധിമുട്ട് പോലെയാണ് മറ്റുള്ളവരുടെ ബുദ്ധിമുട്ടും ഞാന്‍ കാണുന്നത്. അതുകൊണ്ടാണ് നാട്ടുകാര്‍ എന്നെ സഖാവ് എന്നു വിളിക്കുന്നതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിങ്ങള്‍ക്ക് അറിയാമോ എന്റെ ബൈക്കില്‍ പെട്രോള്‍ അടിച്ചിട്ട് ദിവസങ്ങളായി. ക്യാമ്പിലെ ആവശ്യങ്ങള്‍ക്കു വേണ്ടി മറ്റുള്ളവരുടെ വണ്ടി ചോദിച്ചു വാങ്ങിയാണ് പോകുന്നത്. എന്തുകൊണ്ടാണ് വണ്ടിയില്‍ പെട്രോള്‍ അടിക്കാത്തതെന്ന് അറിയാമോ? അതിനുള്ള കാശ് ഇല്ലാത്തതുകൊണ്ട്. ഉള്ള കാശൊക്കെ ചെലവാക്കിയത് ക്യാമ്പിലേക്കാണ്. ഇല്ലാക്കഥ ഉണ്ടാക്കി പറയുകയാണെന്നു കരുതരുത്. ഞങ്ങളിങ്ങനെയൊക്കെ തന്നെയാണ് കുറേക്കാലമായി കഴിയുന്നത്. പാവപ്പെട്ട മനുഷ്യരാണ്.

പത്താം തീയതി തുടങ്ങിയ ക്യാമ്പാണിത്. ക്യാമ്പ് തുടങ്ങി ആറ് ദിവസം കഴിഞ്ഞപ്പോഴാണ് നിങ്ങളൊക്കെ ഇങ്ങനെയൊരു ക്യാമ്പ് ഇവിടെ നടക്കുന്നുണ്ടെന്ന് അറിഞ്ഞത്. ഈ ആറു ദിവസവും ഞങ്ങളീ ക്യാമ്പില്‍ എങ്ങനെ കഴിഞ്ഞിരുന്നുവെന്ന് നിങ്ങളാരെങ്കിലും തിരക്കിയോ? കഴിഞ്ഞ മാസം 22 ആം തീയതി വേറൊരു ക്യാമ്പ് തുടങ്ങിയിരുന്നു. അതിന്റെ നടത്തിപ്പും ഇങ്ങനെ പിരിവെട്ട് തന്നെയായിരുന്നു. അവിടേക്ക് കറണ്ട് എടുത്തതും അയല്‍പക്കത്തെ ഒരു വീട്ടില്‍ നിന്നായിരുന്നു. അതിന്റെ കാശ് കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മഹാദേവന്‍ സഖാവ് കൊണ്ടു പോയി കൊടുത്തത്. അതൊന്നും വാര്‍ത്തയായില്ല. ഈ ക്യാമ്പ് തുടങ്ങിയിട്ട് ഉദ്യോഗസ്ഥന്മാര്‍ എന്താണ് ചെയ്ത് തന്നത്? അവര്‍ നന്നായി നോക്കിയിരുന്നെങ്കില്‍ ഞങ്ങളുടെ കൈയില്‍ നിന്നും പൈസ എടുക്കണമായിരുന്നോ? സര്‍ക്കാരിന്റെ ഫണ്ട് ഉള്ളതാണല്ലോ. അതു തന്നാല്‍ പോരേ? നിങ്ങള്‍ ഒന്നും കൈയില്‍ നിന്നും മുടക്കണ്ടാ, എല്ലാം ഞങ്ങള് ചെയ്തു തന്നോളം എന്നു പോലും ഒരു ഉദ്യോഗസ്ഥനും ഇവിടെ വന്നു പറഞ്ഞിട്ടില്ല. നോക്കേണ്ടവര്‍ നോക്കിയിരുന്നെങ്കില്‍ എനിക്കിന്നീ ചീത്തപ്പേര് കേള്‍ക്കേണ്ടി വരില്ലായിരുന്നു. സര്‍ക്കാരിന്റെ ഫണ്ട് ഉദ്യോഗസ്ഥര്‍ തരാതിരുന്നതുകൊണ്ടാണ് ഞങ്ങള് കൈയില്‍ നിന്നും പണം പിരിച്ചത്. ക്യാമ്പിന്റെ കണ്‍വീനര്‍ എന്ന നിലയില്‍ പിരിച്ച പണം എല്ലാവരും എന്നെ ഏല്‍പ്പിച്ചു. സാധനങ്ങള്‍ കൊണ്ടുവന്ന ഓട്ടോയ്ക്ക് കൂലി കൊടുക്കാനായിരുന്നു ആ പൈസ. അത് ഞാന്‍ വാങ്ങി എന്നത് ശരിയാണ്. പക്ഷേ, നിങ്ങള്‍ക്കൊക്കെ അത് തെറ്റായൊരു കാര്യമായാണ് തോന്നിയത്. എന്നെ അഴിമതിക്കാരനാക്കി. ഞാനൊരു സഖാവ് ആണ്. ജനങ്ങളൊരാവശ്യം പറയുമ്പോള്‍ അത് ചെയ്യും. ക്യാമറയുണ്ടോ ചാനലുകാരുണ്ടോ എന്നൊന്നും നോക്കില്ല. അതിനിയും ചെയ്യും. ഞാനിതൊന്നും കൊണ്ട് എല്ലാം നിര്‍ത്തി വീട്ടില്‍ പോയി ഇരിക്കത്തൊന്നുമില്ല.
ഇതെല്ലാം മാധ്യമങ്ങൾക്കെതിരായ പ്രചാരണത്താനുള്ള ആയുധമാക്കി സിപിഎം മാറ്റുകയാണ്.