play-sharp-fill
ചങ്ങനാശേരി അസംപ്ഷൻ കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ; എട്ടു പെൺകുട്ടികൾ അസ്വസ്ഥതകളോടെ ആശുപത്രിയിൽ; വിദ്യാർത്ഥികൾ ആശുപത്രിയിലായിട്ടും തിരിഞ്ഞ് നോക്കാതെ കോളേജ് മാനേജ്‌മെന്റ്

ചങ്ങനാശേരി അസംപ്ഷൻ കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ; എട്ടു പെൺകുട്ടികൾ അസ്വസ്ഥതകളോടെ ആശുപത്രിയിൽ; വിദ്യാർത്ഥികൾ ആശുപത്രിയിലായിട്ടും തിരിഞ്ഞ് നോക്കാതെ കോളേജ് മാനേജ്‌മെന്റ്

സ്വന്തം ലേഖകൻ

ചങ്ങനാശേരി: ക്രൈസ്തവ സഭയുടെ കീഴിലുള്ള ചങ്ങനാശേരി അസംപ്ഷൻ കോളേജിന്റെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ഹോസ്റ്റലിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധയുണ്ടായി കുട്ടികൾ ആസുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടും കോളേജ് മാനേജ്‌മെന്റോ അധികൃതരോ തിരിഞ്ഞു നോക്കിയില്ല. ശനിയാഴ്ച രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളെ അന്വേഷിച്ച് അധികൃതർ എത്തിയത് വൈകിട്ട് അ്ഞ്ചു മണിയോടെയാണ്. അതും മാധ്യമപ്രവർത്തകർ വിവരം അറിഞ്ഞ് എത്തിയ ശേഷം മാത്രം.
അസംപ്ഷൻ കോളേജിന്റെ   ജ്യോതി ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടത്.  എട്ടു  പേർ  ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്  ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ  ചികിത്സ തേടി.  ഇതിൽ ഒരാൾ പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ശനിയാഴ്ച രാവിലെ 10 ഓടെയാണ് വിദ്യാർത്ഥികൾ ആശുപത്രിയിൽ എത്തിയത്. വെള്ളിയാഴ്ച്ച രാത്രി  ആഹാരത്തിനു ശേഷം ഉറങ്ങാൻ കിടന്ന കുട്ടികൾ അർധരാത്രിയോടെ ചർദിൽ, വയറിളക്കം, തലവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എന്നാൽ, കുറയാതെ വന്നതോടെ ഉച്ചക്കഴിഞ്ഞ് വീണ്ടും വിദ്യാർത്ഥികൾ ആശുപത്രിയിൽ വീണ്ടും മടങ്ങിയെത്തി. എന്നാൽ ഹോസ്റ്റൽ ഉത്തരവാദിത്വപ്പെട്ടവർ ആരും തന്നെ ആശുപത്രിയിലെത്തി വിദ്യാർത്ഥികളെ  അന്വേഷിക്കുകയോ വേണ്ട നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ല. എന്നാൽ സന്ധ്യയോടു കൂടി മാധ്യമങ്ങൾ വിവരമറിഞ്ഞ് എത്തിയതിനെ തുടർന്ന് കോളേജ് , ഹോസ്റ്റൽ അധികാരികളെ ബന്ധപ്പെട്ടതിനെ തുടർന്നാണ് ഹോസ്റ്റൽ വാർഡനും അധ്യാപകരും എത്തിയത്. കണ്ണൂർ, ഇടുക്കി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആഹാരത്തിൽ നിന്നുള്ള ഭക്ഷ്യവിഷബാധ  ആവാം വിദ്യാർത്ഥികൾക്കുണ്ടായതെന്ന്  പ്രാഥമിക നിരീക്ഷണത്തിൽ പരിശോധന നടത്തിയ ഡോക്ടർ പറഞ്ഞു.  നഗരസഭ വിഭാഗത്തെ ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് നഗരസഭ ചെയർമാനും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ആശുപത്രിയിൽ എത്തി. ഹോസ്റ്റൽ  അധികൃതരും  അധ്യാപികയും എത്തി  വൈകിട്ടോടെ ഹോസ്റ്റലിലേക് വിദ്യാർത്ഥികളെ കൊണ്ടുപോവുകയായിരുന്നു.ഫുഡ് സേഫ്റ്റി വിഭാഗത്തെ ആശുപത്രി അധികൃതർ വിവരം അറിയിച്ചു.