play-sharp-fill
ഗൃഹപ്രവേശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഗൃഹപ്രവേശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ
കോട്ടയം: സഹോദരന്റെ മകന്റെ വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അപകടത്തിൽ മരിച്ച വീട്ടമ്മയുടെ ഭർത്താവ് അടക്കം നാലു പേർക്ക് സാരമായി പരിക്കേറ്റു. മാമ്മൂട് ദൈവംപടി കുഴിമണ്ണിൽ രാജെൻറ ഭാര്യ ഏലിക്കുട്ടിയാണ് (75) മരിച്ചത്. അപകടത്തിൽ പരിക്കേറ്റ കാർ ഓടിച്ചിരുന്ന പാമ്പാടി കോത്തല വടശേരിമഠം സുനിൽവർഗീസിനെ (52) മെഡിക്കൽ കോളേജ് ആശുപത്രിയിലും ഭർത്താവ് മാമ്മൂട് ദൈവംപടി കുഴിമണ്ണിൽവീട്ടിൽ കെ.രാജൻ (80),  ഭാര്യ ജിജി (48), ഇവരുടെ ബന്ധു കറുകച്ചാൽ കുഴിമണ്ണിൽ മേരിക്കുട്ടി ബെഞ്ചമിൻ (52) എന്നിവരെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ച ഏലിക്കുട്ടിയുടെ സഹോദരന്റെ മകന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങിയ സംഘം സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്.
ശനിയാഴ്ച വൈകീട്ട് അഞ്ചിന് തോട്ടയ്ക്കാട് അമ്പലക്കവലക്കുസമീപം ഇരവുചിറയിലായിരുന്നു അപകടമുണ്ടായത്. നിയന്ത്രണംവിട്ട് മറിഞ്ഞ കാറിൽനിന്നും പുറത്തെടുത്ത ഇവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഭർത്താവ് രാജനും മക്കളായ ജിജിയും മേരിക്കുട്ടിയും മരുമകൻ സുനിൽവർഗീസുമാണ് കാറിലുണ്ടായിരുന്നത്. മറ്റുമക്കൾ: ഷാജി, ഷിജിമോൾ, പരേതനായ ബിജു. മരുമക്കൾ: ബെഞ്ചമിൻ, ജയിംസ്, സുനിൽവർഗീസ്.