
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പാചകവാതക ക്ഷാമം തടുക്കാനായി ഗാർഹികസിലിണ്ടറുകളിലെ എല്‍പിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം. ഇതുസംബന്ധിച്ചുള്ള നിർദേശങ്ങള്‍ കേന്ദ്രസർക്കാർ അംഗീകരിച്ചാല്‍ മാത്രമേ നടപടി പ്രാബല്യത്തിലാകൂ.
സാധാരണയായി 14.2 കിലോ എല്‍പിജിയാണ് ഒരു ഗാർഹികസിലിണ്ടറിനുള്ളില്‍ നിറയ്‌ക്കുന്നത്. ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികള്‍ ആലോചിക്കുന്നത്. സിലിണ്ടറിലെ എല്‍പിജിയുടെ അളവ് കുറയുന്നതിനനുസരിച്ച് വിലയിലും കുറവുണ്ടാകുമെന്നാണ് കരുതുന്നത്.
ഹോർമുസ് കടലിടുക്കില്‍ ഇന്ത്യൻ ടാങ്കറുകള്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് എല്‍പിജി ക്ഷാമം രൂക്ഷമാകാനുള്ള സാദ്ധ്യതയുണ്ട്. ടാങ്കറുകള്‍ കടത്തിവിടുന്നതിനായി ഇറാൻ സർക്കാരുമായി ചർച്ചകള്‍ നടക്കുന്നുണ്ടെങ്കിലും യുദ്ധത്തിന്റെ ഗതി നിർണയിക്കാനാകാത്തതിനാല്‍ എല്‍പിജി ക്ഷാമം തുടരാനാണ് സാദ്ധ്യത.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗാർഹിക ആവശ്യങ്ങള്‍ക്കായി ശരാശരി 35 മുതല്‍ 40 ദിവസംവരെ ഒരു സിലിണ്ടർ ഉപയോഗിക്കാനാകും. നിലവിലുള്ള നിയന്ത്രണപ്രകാരം നഗരമേഖലകളില്‍ 25 ദിവസം കഴിഞ്ഞാല്‍ മാത്രമേ പുതിയ സിലിണ്ടർ ബുക്ക് ചെയ്യാനാകൂ. ഗ്രാമീണ മേഖലകളില്‍ ഇത് 45 ദിവസമാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ആളുകളിലേക്ക് എല്‍പിജി എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മാറ്റത്തെപ്പറ്റി ആലോചിക്കുന്നതെന്നാണ് വിവരം.



