കളമശേരിയിൽ 23കാരിയെ ആക്രമിച്ച സംഭവത്തിൽ പ്രതി ലക്ഷ്യമിട്ടത് കവ‍ർച്ചയല്ല; പീഡനമെന്ന് പൊലീസ്

Spread the love

കളമശേരിയിൽ 23കാരിയെ ആക്രമിച്ച് മൊബൈൽ ഫോണും സ്വർണവും കവർന്ന കേസിൽ പ്രതി ലക്ഷ്യമിട്ടത് കവ‍ർച്ചയല്ലെന്ന് പോലീസ്. പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കൊച്ചി ഡിസിപി ഷഹൻ ഷാ പറഞ്ഞു. കേസിലെ പ്രതിയായ അഗളി സ്വദേശിയെ പൊലീസ് വീട്ടിൽ നിന്ന് പിടികൂടിയിരുന്നു. കേസിൽ പ്രതിക്കെതിരെ പീഡന ശ്രമത്തിന്റെ വകുപ്പ് ചുമത്തിയിട്ടുണ്ട്. മദ്യ ലഹരിയിലായിരുന്നു പ്രതി ആക്രമണം നടത്തിയത്. പ്രതി മോഷ്ടിച്ച പെൺകുട്ടിയുടെ ഫോൺ പൊലീസ് കണ്ടെത്തി. സ്വർണം കണ്ടെത്താനായിട്ടില്ല. മാർച്ച് 15ന് രാത്രി 8.15ഓടെയാണ് ജോലി കഴിഞ്ഞു വരികയായിരുന്ന 23കാരിക്ക് നേരെ ആക്രമണമുണ്ടായത്. കണ്ണൂർ പാപ്പിനിശേരി സ്വദേശിനിയാണ് ആക്രമണത്തിന് ഇരയായത്.

video
play-sharp-fill

തൃക്കാക്കര നോര്‍ത്ത് ഞാലകം സെന്‍റ് ജോസഫ് പള്ളിക്ക് സമീപമുള്ള ഹോസ്റ്റലിലേക്ക് റെയില്‍വേ മേല്‍പ്പാലത്തിന് അടിയിലൂടെ നടന്നു പോകുമ്പോഴായിരുന്നു ആക്രമണം. റെയില്‍വേ ട്രാക്കിനടുത്ത് യുവതിയെ ചവിട്ടിയിട്ടതിന് ശേഷം തലയില്‍ മുണ്ടിട്ടു മൂടിയാണ് പ്രതി യുവതിയെ ആക്രമിച്ചത്. റെയില്‍വേ തൂണില്‍ തലയിടിപ്പിച്ച് മുക്കാല്‍ പവന്‍റെ മാലയും സ്വര്‍ണ കമ്മലും ഐഫോണും കവര്‍ന്നിരുന്നു. എച്ച്എംടി ജം​ഗ്ഷൻ മുതൽ പ്രതി യുവതിയെ പിന്തുടർന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. എച്ച്എംടി ജംഗ്ഷൻ മുതൽ യുവതി പോയ വഴിയിലെ അഞ്ചിലധികം സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചിരുന്നു. ആക്രമണത്തിൽ തലയ്ക്കും മുഖത്തിനും ഗുരുതരമായി പരുക്കേറ്റ യുവതി ചികിത്സയിലായിരുന്നു.