play-sharp-fill
സർക്കാരിനെയും സാധാരണക്കാരെയും പറ്റിച്ച് സ്റ്റാമ്പ് വെണ്ടർമാർ: മുദ്രപത്രങ്ങൾ പൂഴ്ത്തി വച്ച് തട്ടിക്കുന്നത് കോടികൾ; പകൽക്കൊള്ള കണ്ടില്ലെന്ന് നടിച്ച് ധനാകാര്യ വകുപ്പ്

സർക്കാരിനെയും സാധാരണക്കാരെയും പറ്റിച്ച് സ്റ്റാമ്പ് വെണ്ടർമാർ: മുദ്രപത്രങ്ങൾ പൂഴ്ത്തി വച്ച് തട്ടിക്കുന്നത് കോടികൾ; പകൽക്കൊള്ള കണ്ടില്ലെന്ന് നടിച്ച് ധനാകാര്യ വകുപ്പ്

സ്വന്തം ലേഖകൻ
കോട്ടയം: സർക്കാരിനെയും സാധാരണക്കാരെയും പറ്റിച്ച് സ്റ്റാമ്പ് വെണ്ടർമാർ നടത്തുന്നത് കോടികളുടെ തട്ടിപ്പ്. സ്റ്റാമ്പ് വെണ്ടർമാർ മുദ്രപത്രങ്ങളും സ്റ്റാമ്പുകളും സ്റ്റോക്ക് ഇല്ലെന്ന് പ്രചരിപ്പിച്ചാണ് വൻ തട്ടിപ്പ് നടത്തുന്നത്. മുദ്രപത്രങ്ങൾ പൂഴ്ത്തി വച്ച ശേഷം കൂടിയ വിലയ്ക്ക് ഇവർ വിൽക്കുകയാണ്. കൃത്യമായി സ്റ്റോക്ക് പ്രദർശിപ്പിക്കണമെന്ന ചട്ടം ലംഘിച്ചാണ് ഇവർ ഇത്തരത്തിൽ പൂഴത്തി വയ്പ്പും തട്ടിപ്പും നടത്തുന്നത്.
ഇരുപത് രൂപയുടെ മുതൽ 25,000 രൂപയുടെ വരെ മുദ്രപത്രങ്ങൾ സർക്കാർ അച്ചടിച്ചിറക്കുന്നുണ്ട്. ആധാരം എഴുത്ത് മുതൽ ചെറുകിട കരാറുകൾ വരെ ഇവർ ഈ മുദ്രപത്രത്തിലാണ് എഴുതുന്നത്. സാധാരണക്കാരായ നൂറുകണക്കിന് ആളുകളാണ് ഇത്തരം മുദ്രപത്രങ്ങൾ തേടിയെത്തുന്നത്. എന്നാൽ, പലപ്പോഴും മുദ്ര പത്രങ്ങൾ സ്റ്റോക്കില്ലെന്ന വാദമാണ് ഇവർ ഉയർത്തുന്നത്. ഇത്തരത്തിൽ ചെറിയ മുദ്രപത്രങ്ങൾ സ്റ്റോക്ക് ഇല്ലെന്ന് പറയുന്നതോടെ കൂടിയ വിലയിലുള്ള മുദ്രപത്രങ്ങൾ വാങ്ങാൻ സാധാരണക്കാരായ ആളുകൾ നിർബന്ധിതമായ സാഹചര്യമാണ് ഉണ്ടാകുന്നത്.
മുദ്രപത്രങ്ങളുടെ വിലയും എത്രയെണ്ണം സ്റ്റോക്ക് ഉണ്ടെന്നതു സംബന്ധിച്ചുമുള്ള വിവരങ്ങൾ കൃത്യമായി ഓഫിസിൽ പ്രദർശിപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ, ഇത്തരം ചട്ടങ്ങൾ പലപ്പോഴും ഇവരാരും പാലിക്കാറില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജില്ലയിലെ പല സ്റ്റാമ്പ് വെണ്ടർമാരുടെ ഓഫിസുകളിലും ഇത്തരം വിവരങ്ങൾ പ്രദർശിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തില് സാധാരണക്കാർ നേരിടുന്ന കൊള്ള മറികടക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.
സർക്കാർ നിലപാട് അംഗീകരിച്ച് കോട്ടയം ജില്ലയിൽ മുണ്ടക്കയം എമ്പസി ബിൽഡിംങ്ങിൽ പ്രവർത്തിക്കുന്ന പി.എച്ച് .മുഹമ്മദ് ബഷീറിന്റെ ഓഫീസിൽ പ്രദർശിപ്പിച്ചിരിക്കുന്ന സ്റ്റോക്ക് പട്ടികയും വാർത്തയോടൊപ്പം പ്രസിദ്ധീകരിക്കുന്നു.