play-sharp-fill
ഈരയിൽക്കടവ് റോഡിൽ ഡ്യൂക്ക് ബൈക്കിൽ ഷോയും സ്റ്റണ്ടിങ്ങും: കുട്ടി റേസിംങ് വീരന്മാരെ മോട്ടോർ വാഹന വകുപ്പ് വീട്ടിൽ ചെന്ന് പൊക്കി; പിഴയടച്ച് ക്ലാസിൽ പങ്കെടുത്ത് മിടുക്കന്മാരായാൽ വണ്ടി ഇനി തിരികെ കിട്ടും

ഈരയിൽക്കടവ് റോഡിൽ ഡ്യൂക്ക് ബൈക്കിൽ ഷോയും സ്റ്റണ്ടിങ്ങും: കുട്ടി റേസിംങ് വീരന്മാരെ മോട്ടോർ വാഹന വകുപ്പ് വീട്ടിൽ ചെന്ന് പൊക്കി; പിഴയടച്ച് ക്ലാസിൽ പങ്കെടുത്ത് മിടുക്കന്മാരായാൽ വണ്ടി ഇനി തിരികെ കിട്ടും

സ്വന്തം ലേഖകൻ
കോട്ടയം: ഈരയിൽക്കടവ് റോഡിൽ ബൈക്കുകൾ അമിത വേഗത്തിലോടിച്ചും, റേസിംങും സ്റ്റണ്ടിങ്ങും നടത്തി നാട്ടുകാരെ ഭയപ്പെടുത്തിയിരുന്ന നാല് ഇരുചക്രവാഹന സ്റ്റണ്ടിങ് വീരന്മാരായ യുവാക്കളെയാണ് മോട്ടോർ വാഹന വകുപ്പ് സംഘം പിടികൂടിയത്. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന സംഘം ക്യാമറകൾ പരിശോധിച്ച് നമ്പർ തിരിച്ചറിഞ്ഞ് യുവാക്കളെ വീട്ടിലെത്തി പൊക്കുകയായിരുന്നു.
ഈരയിൽക്കടവ് റോഡിലെ സുന്ദരമായ വഴിയാണ് യുവാക്കളെ പ്രലോഭിപ്പിച്ച് ഇവിടെ എത്തിക്കുന്നത്. അമിത വേഗത്തിൽ ലെക്കും ലഗാനുമില്ലാതെ സാധാരണക്കാരായ യാത്രക്കാർക്ക് ഭീതി പടർത്തിയാണ് ഇവിടെ ബൈക്ക് യാത്രക്കാരായ സ്റ്റണ്ടർമാർ പായുന്നത്. ഇതേ തുടർന്ന് സാധാരണക്കാരായ ആളുകൾ ഈരയിൽക്കടവിലൂടെ ഭയത്തോടെയാണ് പാഞ്ഞിരുന്നത്. ബൈക്കിൽ പായുന്ന യുവാക്കൾ ബൈക്ക് വീൽ ചെയ്യുന്നതും, ചിത്രം പകർത്തുന്നതും ഇവിടെ പതിവ് കാഴ്ചയായിരുന്നു.

ഇതിനെതിരെ നാട്ടുകാർ നിരന്തരം പരാതി നൽകികുകയും വിവിധ മാധ്യമങ്ങൾ ഇത് വാർത്തയാക്കി മാറ്റുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധനയുമായി രംഗത്തിറങ്ങിയത്. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിൽ ദിവസങ്ങളായി ഈരയിൽക്കടവ് റോഡിൽ പരിശോധന കർശനമായി നടത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിബിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കായി എത്തിയപ്പോൾ കണ്ടത് ഒറ്റ വീലിൽ ബൈക്ക് വട്ടം കറക്കുകയും, ആകാശത്തിൽ ഉയർന്നു പൊങ്ങിച്ചാടുകയും ചെയ്യുന്ന വീരൻമാരെയാണ്. ഉടൻ തന്നെ മോട്ടോർ വാഹന വകുപ്പ് സംഘം ഇവരുടെ അടുത്തേയ്ക്ക് പാഞ്ഞെത്തി. എന്നാൽ, ബൈക്ക് നിർത്താൻ തയ്യാറാകാതെ അഭ്യാസികൾ അതിവേഗം പാഞ്ഞു.
പിന്നാലെ പാഞ്ഞ് അപകടം ഉണ്ടാകേണ്ട എന്നു കരുതിയ മോട്ടോർ വാഹന വകുപ്പ് സംഘം കുട്ടികളെ വിട്ടു കളഞ്ഞു. പകരം പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് ബൈക്കിലെ ചെത്തുപിള്ളേരുടെ നമ്പരും വിലാസവും സഹിതം കണ്ടെത്തി. പിന്നാലെ, മോട്ടോർ വാഹന വകുപ്പ് സംഘം വീട്ടുമുറ്റത്ത് എത്തിയതോടെ കുട്ടികൾ അമ്പരന്നു. വീട്ടിൽ നിന്നും ബൈക്കുമായി ഇറങ്ങിയ കുട്ടിച്ചെത്തുകാർക്ക് മോട്ടോർ വാഹന വകുപ്പ് സംഘത്തെ കണ്ടതോടെ മുട്ടിടിച്ചു. വാഹനം നാലും പൊക്കിയെടുത്ത് പൊലീസിനെ ഏൽപ്പിച്ച ശേഷം നോട്ടീസും നൽകിയാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ മടങ്ങിയത്.
പിടിച്ചെടുത്ത ഡ്യൂക്ക് ബൈക്കുകളിൽ ചിലതിന് പിൻവശത്ത് നമ്പർ പ്ലേറ്റേ ഉണ്ടായിരുന്നില്ല. മറ്റു ചിലതാകട്ടെ നമ്പർ പ്ലേറ്റ് മറച്ചു വച്ചാണ് ഓടിച്ചിരുന്നത്. അപകടകരമായി വാഹനം ഓടിച്ചതിനും,    ലൈസൻസും മറ്റു രേഖകളും ഇല്ലാതെ ഡ്രൈവിങ്ങ് നടത്തിയതിനും, പരിശോധനാ സംഘം കൈകാട്ടിയിട്ടും വാഹനം നിർത്താതിരുന്നതിനും, അനധികൃതമായി വാഹനങ്ങൾ രൂപമാറ്റം വരുത്തിയതിനും അടക്കം മോട്ടോർ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. റോഡിലെ അഭ്യാസക്കാർക്ക് അയ്യായിരം രൂപയെങ്കിലും പിഴയടയ്ക്കേണ്ടി വരും. ഇതു കൂട്ടാതെ മോട്ടോർ വാഹന വകുപ്പിന്റെ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസിലും പങ്കെടുക്കേണ്ടി വരും.    ലൈസൻസില്ലാത്തതെ വാഹനം ഓടിച്ചതിന് 1500 രൂപയും,   അപകടകരമായി വാഹനം ഓടിച്ചതിന് 1000 രൂപയും,     പരിശോധനയ്ക്കിടെ നിർത്താതെ പോയതിന് 1500 രൂപയും, രൂപമാറ്റം വരുത്തിയതിന് 2000 രൂപയും പിഴയായി ഈടാക്കും.