പ്രളയ മേഖലയിൽ സേവാഭാരതിയുടെ മിന്നുന്ന പ്രവർത്തനം: ഉരുൾപൊട്ടലിൽ തകർന്ന പാലം പുനർനിർമ്മിച്ചു
മലപ്പുറം : നിലമ്പൂരിൽ ഉരുൾപൊട്ടലിൽ തകർന്ന പാലം ഗതാഗത യോഗ്യമാക്കി സേവാഭാരതി. പാതാർ അതിരുവീട്ടിപ്പാലത്തിന് പകരമായാണ് സേവാഭാരതി പ്രവർത്തകർ താത്കാലിക പാലം പണിത് നൽകിയത്. ഉരുൾ പൊട്ടൽ ഭീഷണിയെ തുടർന്ന് ക്യാമ്പിലേക്ക് മാറിയ കുടുംബങ്ങൾക്ക് ഉരുൾപൊട്ടലിനു ശേഷം വീടുകളിലേക്ക് തിരിച്ചു പോകാൻ മാർഗ്ഗമില്ലാതെ വന്നതോടെയാണ് സഹായവുമായി സേവാഭാരതി രംഗത്തെത്തിയത്.
വൻ ദുരന്തം നടന്ന കവളപ്പാറയ്ക്ക് സമീപ പ്രദേശമായ പാതാർ ഉരുൾപൊട്ടൽ നടന്നതോടെ ഒറ്റപ്പെട്ടു. ഉരുൾപ്പൊട്ടലിൽ വന്ന വൻകരിങ്കല്ലുകൾ തട്ടി മൊത്തം സ്ലാബുകളും നശിച്ച് പാലത്തിന്റെ പില്ലറുകൾ മാത്രമായതോടെ മുപ്പതോളം കുടുംബങ്ങളാണ് കുടുങ്ങിക്കിടന്നത്. നൂറ്റിപത്തോളം സേവാഭാരതി പ്രവര്‍ത്തകരുടെ പരിശ്രമഫലമായിട്ടാണ് താല്‍ക്കാലിക പാലം പുനര്‍നിര്‍മ്മിച്ചത്.
നേരത്തെ നിലമ്പൂർ താലൂക്കിലെ പോത്തുകല്ല് മുണ്ടേരിക്ക് സമീപമുള്ള അപ്പംകാപ്പിൽ കോളനിയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന 42 പേരെ സേവാഭാരതി പ്രവർത്തകർ രക്ഷപ്പെടുത്തിയിരുന്നു. കോളനിയിലേക്കുള്ള പാലം ഒലിച്ചുപോയിരുന്നതിനാൽ 5 ദിവസമായി പുറംലോകവുമായി തീർത്തും ഒറ്റപ്പെട്ട് കിടക്കുകയായിരുന്ന ഇവരെ താല്കാലിക പാലം പണിഞ്ഞ ശേഷം 22 പേരടങ്ങിയ സേവാഭാരതി സംഘം രക്ഷപ്പെടുത്തി മുണ്ടേരി ഗവൺമെന്റ് സ്ക്കൂളിൽ എത്തിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group