നിയമസഭയില്‍ 30 അംഗ എൻ.ഡി.എ സംഘം വേണം; നായനാരെയും വി.എസിനെയും പോലെ ചങ്കുറപ്പുള്ളവര്‍ ഇന്നില്ലെന്ന് സുരേഷ് ഗോപി

Spread the love

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള കരുത്തുറ്റ ഒരു എൻ.ഡി.എ സംഘം ഇത്തവണ നിയമസഭയില്‍ ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

video
play-sharp-fill

കേരളം കഴിഞ്ഞ പത്ത് വർഷമായി നേരിടുന്നത് ഭരണദുരന്തമാണെന്നും ഇതിന് മാറ്റം വരുത്താൻ എൻ.ഡി.എ സ്ഥാനാർത്ഥികള്‍ വിജയിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2006-ല്‍ വി.എസ്. അച്യുതാനന്ദന് വേണ്ടി 11 വേദികളില്‍ പ്രചാരണത്തിന് പോയ വ്യക്തിയാണ് താൻ. വി.എസിനെപ്പോലെയോ നായനാരെപ്പോലെയോ ചങ്കുറപ്പുള്ള ഒരു നേതാവും ഇന്ന് സി.പി.എമ്മിലില്ലെന്ന് അദ്ദേഹം വിമർശിച്ചു.പത്മജ വേണുഗോപാല്‍ കരുണാകര പാരമ്പര്യത്തിന്റെ തുടർച്ചയായാണ് താമരച്ചിഹ്നത്തില്‍ മത്സരിക്കുന്നത്.

അന്തസ്സുള്ള മലയാളി എന്ന് പറഞ്ഞാല്‍ ആദ്യം എഴുതിവെക്കേണ്ട പേര് ‘ലീഡർ’ കെ. കരുണാകരന്റേതാണെന്നും പത്മജയെ വിജയിപ്പിക്കുന്നത് അദ്ദേഹത്തിനുള്ള ഗുരുദക്ഷിണയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് ശോഭ സുരേന്ദ്രൻ വിജയിച്ചിരുന്നെങ്കില്‍ അത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മികച്ചൊരു ‘കർട്ടൻ റൈസർ’ ആയേനെ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ശബരിമലയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട സ്വർണം തിരിച്ചു കൊണ്ടുവെക്കാൻ നിയമസഭയില്‍ ചോദിക്കാൻ ആരുമില്ലാത്ത അവസ്ഥയാണെന്നും 30 പേരുള്ള എൻ.ഡി.എ സംഘം സഭയിലുണ്ടായാല്‍ ഇതിനെല്ലാം മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കുറിച്ച്‌ താൻ ഒന്നും പറയുന്നില്ലെന്നും അവർ കള്ളന്മാരാണോ എന്ന് പോലീസാണ് പറയേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നയിക്കുന്ന ഈ തിരഞ്ഞെടുപ്പ് പോരാട്ടം കേരളത്തിന്റെ രാഷ്ട്രീയ ഗതി മാറ്റുമെന്നും അദ്ദേഹം അവകാശപ്പെട്ടു.