
കൊച്ചി: പോലീസുകാരെന്ന വ്യാജേന എറണാകുളം എസ്.ആർ.എം റോഡിലെ ഹോട്ടലില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും മർദിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റിലായി.
ചേർത്തല സ്വദേശി എൻ.കെ. അമല്‍ (25), പള്ളുരുത്തി സ്വദേശി ഭവൻ (36), ഇടുക്കി സ്വദേശി തോമസ് ചാക്കോ (30) എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് പിടികൂടിയത്. കഴിഞ്ഞ രണ്ടിന് പുലർച്ചെ നാല് മണിയോടെ എസ്.ആർ.എം റോഡിലുള്ള നോവ ഹോട്ടലിലായിരുന്നു സംഭവം.
കോഴിക്കോട് സ്വദേശിയായ യുവാവിനെ ഹോട്ടല്‍ റിസപ്ഷനില്‍ വെച്ച് തടഞ്ഞുനിർത്തി ഐഫോണ്‍ പിടിച്ചുവാങ്ങിയ പ്രതികള്‍, ബലംപ്രയോഗിച്ച് രണ്ടാം നിലയിലെ മുറിയിലേക്ക് കൊണ്ടുപോയി. അവിടെയുണ്ടായിരുന്ന പെണ്‍സുഹൃത്തിന്റെ മുക്കാല്‍ പവൻ സ്വർണ്ണ ബ്രേസ്ലെറ്റും യുവാവിന്റെ പക്കലുണ്ടായിരുന്ന 5,000 രൂപയും ഇവർ തട്ടിയെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫിലെ (DANSAF) അംഗങ്ങളാണെന്നും ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ലഹരിക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു അതിക്രമം.
രാവിലെ ആറ് മണി വരെ ഇരുവരെയും മുറിയില്‍ തടങ്കലില്‍ വെച്ച് ക്രൂരമായി മർദിച്ച പ്രതികള്‍, ഏകദേശം ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് കൈക്കലാക്കിയത്.
എറണാകുളം നോർത്ത് പോലീസ് ഇൻസ്പെക്ടർ ജിജിൻ ജോസഫ്, പ്രിൻസിപ്പല്‍ എസ്.ഐ ഗ്ലാഡ്വിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



