
ഡൽഹി:പശ്ചിമേഷ്യയില്‍ അമേരിക്ക-ഇസ്രായേല്‍-ഇറാൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടയില്‍, അന്താരാഷ്ട്ര സമുദ്രപാതകളിലെ കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തുന്ന നീക്കങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ഇന്ത്യ.
അന്താരാഷ്ട്ര ജലാതിർത്തിയില്‍ വാണിജ്യ കപ്പലുകളെ ലക്ഷ്യം വെക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
ലണ്ടനില്‍ നടന്ന ഇന്റർനാഷണല്‍ മാരിടൈം ഓർഗനൈസേഷന്റെ (IMO) 36-ാമത് അസാധാരണ കൗണ്‍സില്‍ യോഗത്തിലാണ് ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമി ഭാരതത്തിന്റെ ശക്തമായ നിലപാട് അറിയിച്ചത്. ഹോർമുസ് കടലിടുക്ക് വഴി ഇറാൻ നടത്തുന്ന ഉപരോധവും കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും ആഗോള സാമ്പത്തിക സുരക്ഷയെ ബാധിക്കുമെന്ന മുന്നറിയിപ്പാണ് ഇന്ത്യ നല്‍കുന്നത്.
ലോകത്തെ നാവികരില്‍ 13 ശതമാനത്തോളം ഇന്ത്യക്കാരാണെന്നിരിക്കെ, അവരുടെ സുരക്ഷയില്‍ ഇന്ത്യക്ക് വലിയ ആശങ്കയുണ്ടെന്ന് ദൊരൈസ്വാമി പറഞ്ഞു. നിലവില്‍ 24 ഇന്ത്യൻ കപ്പലുകളാണ് പഴ്ഷ്യൻ ഗള്‍ഫ് മേഖലയില്‍ സർവീസ് നടത്തുന്നത്. ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്തായി 22 കപ്പലുകളും അതില്‍ 611 ഇന്ത്യൻ നാവികരും ജോലി ചെയ്യുന്നുണ്ട്. ഇവരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള യാതൊരു നീക്കവും അനുവദിക്കില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാധാരണക്കാരായ നാവികരെയും സിവിലിയൻ കപ്പലുകളെയും ലക്ഷ്യം വെക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. നയതന്ത്ര ചർച്ചകളിലൂടെ സംഘർഷം ലഘൂകരിക്കണമെന്നാണ് ഇന്ത്യയുടെ ആഹ്വാനം.
ഇറാനുമായി ഇന്ത്യക്ക് പ്രത്യേക സുരക്ഷാ കരാറുകള്‍ ഒന്നുമില്ലെങ്കിലും, നിരന്തരമായ ചർച്ചകള്‍ പോസിറ്റീവ് ആയ ഫലങ്ങള്‍ നല്‍കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഫലമായി എല്‍പിജി വഹിച്ചുകൊണ്ടുള്ള ഷിവാലിക്, നന്ദാദേവി എന്നീ രണ്ട് ഇന്ത്യൻ കപ്പലുകള്‍ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്ന് ഗുജറാത്ത് തീരത്തെത്തിയിട്ടുണ്ട്.
എന്നിരുന്നാലും, അമേരിക്കയും ഇസ്രായേലും ഇറാന്റെ ഉന്നത നേതാക്കളെ വധിക്കുകയും തിരിച്ചടിയായി ഇറാൻ കപ്പലുകള്‍ക്ക് നേരെ നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യൻ നാവികസേന അതീവ ജാഗ്രതയിലാണ്. കടലിലെ സ്വതന്ത്ര സഞ്ചാരത്തിന് തടസ്സം നില്ക്കുന്ന ശക്തികള്‍ക്കെതിരെ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.



