പശ്ചിമേഷ്യൻ സംഘർഷം; രാജ്യത്ത് പ്രീമിയം പെട്രോൾ വില ലിറ്ററിന് 2.30 രൂപ വരെ വർധിച്ചു, സാധാരണ പെട്രോളിന്റെ വിലയിൽ മാറ്റമില്ല

Spread the love

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് രാജ്യത്ത് പ്രീമിയം വിഭാഗം പെട്രോളിന്റെ വില എണ്ണ കമ്പനികൾ വർധിപ്പിച്ചു. ലിറ്ററിന് 2.09 മുതൽ 2.30 രൂപ വരെയാണ് വർധന. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

video
play-sharp-fill

ബിപിസിഎല്ലിന്റെ സ്പീഡ്, എച്ച്‌പിസിഎല്ലിന്റെ പവർ പെട്രോൾ, ഇന്ത്യൻ ഓയിലിന്റെ എക്സ്പി95 എന്നീ പ്രീമിയം ഇന്ധനങ്ങളുടെ വിലയാണ് വർദ്ധിച്ചത്. എന്നാൽ സാധാരണ പെട്രോളിന്റെ വിലയിൽ മാറ്റമില്ല. ഉയർന്ന എഞ്ചിൻ പ്രകടനത്തിനും കൂടുതൽ മൈലേജിനുമാണ് പ്രീമിയം പെട്രോൾ പ്രധാനമായും ഉപയോഗിക്കുന്നത്.

ഇതിനിടെ രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിൽ വൻ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തുന്നത്. സംഘർഷം ശക്തമായതോടെ ഒരു ഘട്ടത്തിൽ ബാരലിന് 120 ഡോളറിന് അടുത്തെത്തിയ വില പിന്നീട് താഴ്ന്ന് ബ്രെന്റ് ക്രൂഡ് 108.26 ഡോളറിലും ഡബ്ല്യൂടിഐ ക്രൂഡ് 95.27 ഡോളറിലും വ്യാപാരം അവസാനിപ്പിച്ചു. ഹോർമുസ് കടലിടുക്കിലൂടെ കപ്പൽഗതാഗതം സുരക്ഷിതമാക്കാനുള്ള നീക്കങ്ങളാണ് വില കുറയാൻ കാരണമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സംഘർഷം നീണ്ടുനിൽക്കുകയാണെങ്കിൽ ക്രൂഡ് ഓയിൽ വില 180 ഡോളർ വരെ ഉയർന്നേക്കാമെന്ന ആശങ്കയും ഉയരുന്നു. നേരത്തെ തന്നെ പാചകവാതക വിലയും വർധിച്ചിരുന്നു. 14.2 കിലോ ഗാർഹിക സിലിണ്ടറിന് 60 രൂപയും 19 കിലോ വാണിജ്യ സിലിണ്ടറിന് 115 രൂപയും കൂട്ടിയിരുന്നു.