
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സർക്കാർ ഏകപക്ഷീയമായ ഒരു നിലപാട് അടിച്ചേല്‍പ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വോട്ടിനേക്കാള്‍ ഉപരി നിലപാടുകള്‍ക്ക് മുൻഗണന നല്കുന്ന രാഷ്ട്രീയ ശൈലിയാണ് തന്റേതെന്ന് ആവർത്തിച്ച മുഖ്യമന്ത്രി, ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യങ്ങളില്‍ കോടതി ചോദിക്കുന്നതിന് മാത്രം മറുപടി നല്‍കുക എന്നതാണ് നിലവിലെ നയമെന്നും വ്യക്തമാക്കി.
ഈ വിഷയത്തില്‍ ആ രംഗത്തെ പണ്ഡിതരുണ്ട്, വിദഗ്ധരുണ്ട്, സാമൂഹ്യ പരിഷ്കർത്താക്കളുണ്ട്. അവരുമായി വിശദമായ ചർച്ചകള്‍ നടത്തണം. അതിന് ശേഷമേ ഒരു അന്തിമ നിലപാടിലേക്ക് എത്താൻ സാധിക്കൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതിയായാലും ഇത്തരത്തില്‍ എല്ലാവരുമായും ചർച്ച ചെയ്ത് വേണം തീരുമാനമെടുക്കാൻ എന്നാണ് സർക്കാരിന് കോടതിയോട് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഭരണഘടനാ മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുമെന്നും കോടതി വിധി നടപ്പാക്കുമെന്നും പറഞ്ഞിരുന്ന സർക്കാർ ഇപ്പോള്‍ നിലപാട് മാറ്റിയോ എന്ന ചോദ്യത്തിന്, സുപ്രീം കോടതി ഇപ്പോള്‍ നമ്മളോട് അഭിപ്രായം ചോദിച്ചിട്ടില്ല എന്നതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
നാല് വോട്ടിന് വേണ്ടിയല്ല, നിലപാടുകള്‍ക്കാണ് താൻ പ്രാധാന്യം നല്‍കുന്നത്’ എന്ന് മുൻപ് നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ ഇപ്പോഴും ആ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് അദ്ദേഹം മറുപടി നല്കി.
ശബരിമല വിഷയത്തിനപ്പുറം, പൊതുസമൂഹത്തിലും ഭരണരംഗത്തും സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് വലിയ പ്രാധാന്യം നല്കുന്ന നയങ്ങളാണ് സർക്കാർ നടപ്പിലാക്കി വരുന്നത്. കൂടുതല്‍ മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



