ഇസ്രയേൽ അടക്കം ഒൻപത് രാജ്യങ്ങളുടെ ആകാശപാത ഒഴിവാക്കണം; വിമാനക്കമ്പനികൾക്ക് കർശന നിർദേശം നൽകി ഡിജിസിഎ

Spread the love

ഡൽഹി : ഇസ്രയേൽ അടക്കമുള്ള ഒൻപത് രാജ്യങ്ങളുടെ ആകാശപാത ഒഴിവാക്കണമെന്ന് വിമാനക്കമ്പനികൾക്ക് കർശന നിർദേശം നൽകിയിരിക്കുകയാണ് ഇന്ത്യൻ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഡിജിസിഎ കർശന നിർദേശം നൽകിയിരിക്കുന്നത്. സിവിൽ വിമാനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഇടപെടൽ. പുതിയ നിർദ്ദേശപ്രകാരം ഇറാൻ, ഇസ്രായേൽ, ലെബനൻ, ഇറാഖ്, ജോർദാൻ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നീ രാജ്യങ്ങളുടെ വ്യോമപാതകളിലൂടെയുള്ള യാത്രകൾ ഒഴിവാക്കാനാണ് വിമാന കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

video
play-sharp-fill

അതേസമയം തന്നെ ഈ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്കോ വ്യോമപാതകളിലൂടെയോ സർവീസ് നടത്തുന്ന കമ്പനികൾ കൃത്യമായ സുരക്ഷാ മുൻകരുതലുകളും ബദൽ പ്ലാനുകളും തയ്യാറാക്കണമെന്നും നിർദേശമുണ്ട്. സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളുടെ വ്യോമപാതയിലൂടെ വിമാനങ്ങൾക്ക് പറക്കാം. എന്നാൽ ഇതിനും ഡിജിസിഎ പ്രത്യേക നിബന്ധനകൾ വെച്ചിട്ടുണ്ട്. ഈ രാജ്യങ്ങൾക്ക് മുകളിലൂടെ 32,000 അടിയിൽ (FL 320) താഴെ ഉയരത്തിൽ വിമാനങ്ങൾ പറക്കാൻ പാടില്ലെന്നാണ് കർശന നിർദ്ദേശം. സൈനിക നീക്കങ്ങൾ നടക്കുന്ന മേഖലകളിൽ സിവിൽ വിമാനങ്ങൾ തിരിച്ചറിയപ്പെടാതെ പോകാനോ ആക്രമിക്കപ്പെടാനോ ഉള്ള സാധ്യത കണക്കിലെടുത്താണ് ഈ നിർദേശം. ഡിജിസിഎയുടെ ഈ പുതിയ നിയന്ത്രണം ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകളെ സാരമായി ബാധിക്കും.