
കോട്ടയം : കേരള കോണ്‍ഗ്രസിലെ ജോസ് – ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള മത്സരമാണ് കടുത്തുരുത്തിയെ ശ്രദ്ധേയമാക്കുന്നത്.
കർഷകരും പ്രവാസികളും വിശ്വാസികളും ഏറെയുള്ള മണ്ഡലമാണ് കടുത്തുരുത്തി. അതുകൊണ്ട് തന്നെ എല്ലാ വിഷയങ്ങളും ഇവിടെ പ്രചരണായുധങ്ങളാണ്.
അഞ്ചാമൂഴത്തിന് മോൻസ് ജോസഫ് യു.ഡി.എഫിനായി കളത്തിലിറങ്ങുമ്പോള്‍, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയാണ് ഇടതിനായി അങ്കത്തട്ടില്‍. സീറ്റ് പിടിച്ചെടുക്കാൻ എൻ.ഡി.എ സ്ഥാനാർത്ഥിയും , ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റുമായ സുരേഷ് ഇട്ടിക്കുന്നേലും അരയും തലയും മുറുക്കി രംഗത്തുണ്ട്.
കേരള കോണ്‍ഗ്രസുകള്‍ക്ക് നിർണായക സ്വാധീനമാണ് കടുത്തുരുത്തിയില്‍. കഴിഞ്ഞ വർഷത്തേക്കാള്‍ ഭൂരിപക്ഷം നേടി മോൻസ് ജോസഫ് മണ്ഡലത്തില്‍ തുടർ വിജയം ലക്ഷ്യമിടുമ്പോള്‍ മോൻസിന്റെ പടയോട്ടത്തിന് തടയിട്ട് പാർട്ടിയുടെ അഭിമാനം കാക്കുകയാണ് നിർമ്മല ജിമ്മിയുടെ ചുമതല. കടുത്തുരുത്തി, മുളക്കുളം, ഞീഴൂർ, മാഞ്ഞൂർ,ഉഴവൂർ, മരങ്ങാട്ടുപിള്ളി, വെളിയന്നൂർ, കിടങ്ങൂർ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് കടുത്തുരുത്തി മണ്ഡലം. ക്രൈസ്തവ വിഭാഗത്തിനും, ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ക്കും നിർണായക സ്വാധീനമാണുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തദ്ദേശ വിജയത്തിന്റെ ആത്മവിശ്വാസം
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏഴു പഞ്ചായത്തുകളില്‍ ഭരണം പിടിക്കാനായതാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം. മൂന്നു പഞ്ചാത്തുകള്‍ എല്‍.ഡി.എഫും, ഒരു പഞ്ചായത്ത് ബി.ജെ.പിയും ഭരിക്കുന്നു. മന്ത്രിയായും, എം.എല്‍.എയായും മണ്ഡലത്തില്‍ തിളങ്ങിയ മോൻസ് ജോസഫിന് വോട്ടർമാരുമായി വ്യക്തിബന്ധമുണ്ട്. മണ്ഡലത്തിലെ വികസന നേട്ടങ്ങള്‍ ഉയർത്തിക്കാട്ടിമോൻസ് ജോസഫ് ജനവിധി തേടുമ്പോള്‍ പലതിന്റെയും പിതൃത്വം ജോസ് കെ.മാണി എം.പിക്കാണെന്ന അവകാശവാദമാണ് മാണി ഗ്രൂപ്പ് ഉയർത്തുന്നത്. റോഡ് ഷോയുമായി പ്രമുഖ സ്ഥാനാർത്ഥികള്‍ പ്രചാരണത്തിന് തുടക്കമിട്ടു.
മോൻസ് ജോസഫ്
കേരള കോണ്‍ഗ്രസ് എക്സിക്യുട്ടീവ് ചെയർമാനാണ്. 1995 മുതല്‍ അഞ്ചു തവണ കടുത്തുരുത്തി എം.എല്‍.എ. 2008 ല്‍ പൊതുമരാമത്ത് മന്ത്രിയായി. കെ.എസ്.സി. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, യൂത്ത് ഫ്രണ്ട് (ജെ) സംസ്ഥാന പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ തുടങ്ങിയ പദവികളും വഹിച്ചു.
നിർമ്മല ജിമ്മി
ജില്ലാ പഞ്ചായത്ത്, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു നിർമ്മലജിമ്മി. സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ, വനിതാവികസന കോർപ്പറേഷൻ മുൻ ഡയറക്ടർ ബോർഡംഗമാണ്. ജില്ലാ പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷനില്‍ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളാണ് ഉയർത്തിക്കാട്ടുന്നത്.
സുരേഷ് ഇട്ടിക്കുന്നേല്
ബി.ഡിജെ.എസ് കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം മീനച്ചില്‍ യൂണിയൻ പ്രസിഡന്റ്, റബർ ടിംബർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് , 18 വർഷമായി ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രം സെക്രട്ടറി എന്നീ നിലകളില്‍ പ്രവർത്തിക്കുന്നു. മികച്ച സംഘാടകനാണ്.
2021 നിയമസഭ വോട്ടിംഗ് നില
മോൻസ് ജോസഫ് (യു.ഡി.എഫ്) : 59666
സ്റ്റീഫൻ ജോർജ് (എല്‍.ഡി.എഫ്) : 55410
ലിജിൻലാല്‍ (എൻ.ഡി.എ) : 11670
ഭൂരിപക്ഷം (യു.ഡി.എഫ് ) : 4256
നിർണായകം
ക്രൈസ്തവ വിശ്വാസികള്‍ നിർണായകം. നായർ, ഈഴവ സമുദായങ്ങളും വിജയികളെ നിശ്ചയിക്കാൻ ശക്തർ.



