
സുപ്രീം കോടതി ദയാവധത്തിന് അനുമതി നൽകിയതിന് പിന്നാലെ യുപി സ്വദേശി ഹരീഷ് റാണയുടെ ദയാവധ നടപടികൾ ആരംഭിച്ചു. ഹരീഷിന്റെ ഫീഡിങ് ട്യൂബും ഓക്സിജൻ സപ്പോർട്ടും നീക്കം ചെയ്തു. ദയാവധ നടപടികൾക്ക് നേതൃത്വം നൽകുന്നത് എയിംസിലെ ഡോ. സീമ മിശ്ര അടക്കം 10 ഡോക്ടർമാരാണ്. മരണം വേഗത്തിലാക്കുക എന്നതല്ല വേദനയില്ലാത്ത മരണം എന്നതാണ് ലക്ഷ്യമെന്ന് ഡോക്ടർമാരുടെ സംഘം പറഞ്ഞു. രാജ്യത്ത് ചരിത്രത്തിൽ ആദ്യമായാണ് സുപ്രീംകോടതി ദയാവധത്തിന് അനുമതി നൽകിയത്. അന്തസ്സായി മരിക്കാനുള്ള അവകാശവും പൗരനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ദയാവധത്തിന് അനുമതി നൽകിക്കൊണ്ട് ഉത്തരവിറക്കിയത്.
ഇക്കഴിഞ്ഞ 13 വർഷമായി കോമയിൽ കഴിയുകയാണ് ഹരീഷ് റാണ. ചണ്ഡിഗഡിൽ സിവിൽ എൻജിനീയറിങ് പഠിക്കുകയായിരുന്ന ഹരീഷ് റാണയ്ക്ക് 2013ലാണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റത്. യന്ത്ര സഹായത്തോടെ ജീവൻ നിലനിർത്തുന്ന റാണ ജീവിതത്തിലേക്ക് തിരികെ എത്താൻ യാതൊരു സാധ്യതയുമില്ലെന്ന് വ്യക്തമായതോടെയാണ് ദയാവധം നൽകണമെന്ന് അപേക്ഷിച്ച് വയോധികരായ മാതാപിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്. മകന്റെ ദുരിതാവസ്ഥ കണ്ടുമടുത്തെന്നും ചികിത്സ തുടർന്നിട്ട് പ്രയോജനമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയെന്നും മാതാപിതാക്കൾ കോടതിയെ അറിയിച്ചു. തുടർന്ന് ജസ്റ്റിസ് ജെബി പർദ്ദിവാലാ, ജസ്റ്റിസ് കെവി വിശ്വനാഥൻ എന്നിവർ ഘട്ടം ഘട്ടമായി ഹരീഷ് റാണയുടെ ചികിത്സ അവസാനിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.


