‘ആദ്യം തലോടൽ പിന്നീട് തഴയും’;  അഞ്ച് വർഷത്തിനിടെ യു.ഡി.എഫ് വിട്ട പ്രമുഖര്‍ക്ക് എല്‍.ഡി.എഫില്‍ സീറ്റില്ല

Spread the love

കോട്ടയം: യു.ഡി.എഫ് വിട്ട പ്രമുഖര്‍ക്ക് എല്‍.ഡി.എഫില്‍ സീറ്റില്ല. അഞ്ച് വർഷത്തിനിടെ കോണ്‍ഗ്രസ് വിട്ട് ഇടത്തേക്ക് ചാഞ്ഞ അരഡസനിലേറെ നേതാക്കള്‍ക്കാണ് എല്‍.ഡി.എഫില്‍ സിറ്റില്ലാത്തത്. ഉപതിരഞ്ഞെടുപ്പില്‍ പരിഗണിച്ചും ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങള്‍ നല്‍കിയും ഇവരെ എല്‍.ഡി.എഫ് ആദ്യം തലോടിയെങ്കിലും പിന്നീട് തഴയുകയായിരുന്നു.

video
play-sharp-fill

കെ.വി. തോമസ്, കെ.പി. അനില്‍കുമാർ, പി.എസ്. പ്രശാന്ത്, ഡോ. പി. സരിൻ, ലതികാ സുഭാഷ്, പി.എം. സുരേഷ് ബാബു ഉള്‍പ്പെടെയുള്ള നേതാക്കളാരും ഇത്തവണ മത്സരിക്കാനില്ല.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്താണ് കെ.വി. തോമസ് കോണ്‍ഗ്രസ് വിട്ടത്. കഴിഞ്ഞതവണ എറണാകുളം സീറ്റ് പ്രതീക്ഷിച്ച കെ.വി. തോമസ് കോണ്‍ഗ്രസുമായി അകല്‍ച്ചയിലായിരുന്നു.തുടർന്ന് എല്‍.ഡി.എഫിലേക്ക് കൂടുമാറിയ കെ.വി. തോമസിനെ സർക്കാർ ക്യാബിനറ്റ് പദവിയോടെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാക്കി. ഇത്തവണ എറണാകുളത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങളുയർന്നെങ്കിലും സീറ്റില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കേ ഏറ്റുമാനൂർ സീറ്റ് നിഷേധിച്ചെന്നാരോപിച്ച്‌ ഇന്ദിരാഭവന് മുന്നില്‍ പരസ്യമായി തലമൊട്ടയടിച്ചാണ് ലതികാസുഭാഷ് കോണ്‍ഗ്രസ് വിട്ടത്. തുടർന്ന് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി.പിന്നീട് എൻ.സി.പിയുടെ ഭാഗമായി വനം വികസന കോ‌ർപ്പറേഷൻ ചെയർപേഴ്സണായി. തദ്ദേശതിരഞ്ഞെടുപ്പില്‍ കോട്ടയം നഗരസഭയിലെ തിരുനക്കര വാർഡില്‍ മത്സരിച്ച്‌ മൂന്നാമതായി. എൻ.സി.പിയിലേക്ക് പോയ കെ.പി.സി.സി മുൻ ജനറല്‍ സെക്രട്ടറി കെ. സുരേഷ് ബാബുവിനും കാര്യമായ പരിഗണന ലഭിച്ചില്ല.

 

കെ.സുധാകരൻ കെ.പി.സി.സി പ്രസിഡന്റായതോടെയാണ് കെ.പി. അനില്‍കുമാറും പി.എസ്.പ്രശാന്തും സി.പി.എമ്മില്‍ ചേർന്നത്. അനില്‍കുമാറിനെ സി.പി.എം ‘ഒഡേപക്” ചെയർമാനാക്കി. നിലവില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമാണ്. പക്ഷേ നിയമസഭയിലേക്ക് പരിഗണിട്ടില്ല.

നെടുമങ്ങാട്ട് തോറ്റ ശേഷം കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേർന്ന പി.എസ്. പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റായി. പക്ഷേ സീറ്റ് കിട്ടിയില്ല.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് വിട്ടിറങ്ങിയ സരിൻ ഇടതുസ്ഥാനാർത്ഥിയായി. പിന്നീട് വിജ്ഞാനകേരളം പരിപാടിയുടെ സ്ട്രാറ്റജിക് അഡ്വൈസറാക്കി. അങ്ങനെ ചുരുക്കി പറഞ്ഞാൽ യു.ഡി.എഫ് വിട്ട പ്രമുഖര്‍ക്ക് എല്‍.ഡി.എഫില്‍ കാലങ്ങൾ കഴിയുമ്പോൾ ഒരു വിലയും ഇല്ലെന്നു തന്നെ പറയാം.