ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു: പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കാൻ ദലിത് വിഭാഗങ്ങൾ തയാറെടുക്കുന്നു.

Spread the love

കോട്ടയം: ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും ദലിത് സമുദായ മുന്നണി, സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര്‍മാനുമായ സണ്ണി എം കപിക്കാടിനും, അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി.കെ.ജാനുവിനും സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ദലിത് സമുദായ മുന്നണി സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു.

video
play-sharp-fill

റായ്പൂര്‍ പ്ലീനത്തില്‍ വെച്ച് കോണ്‍ഗ്രസ് ദേശീയ നേതാക്കളായ മല്ലികാര്‍ജ്ജുന കാര്‍ഗെയും, രാഹുല്‍ ഗാന്ധിയും മുന്നോട്ടു വെച്ച ഇന്‍ക്ലൂസ്സീവ് പൊളിറ്റിക്സിനെ കേരളത്തിലെ കോണ്‍ഗ്രസ് വഴിയിലുപേക്ഷിച്ചത് യു.ഡി.എഫിന് അനുകൂലമായി വന്ന രാഷ്ട്രീയ കാലാവസ്ഥയ്ക്ക് മാറ്റമുണ്ടാകുവാന്‍ കാരണമാകും.

സണ്ണി എം കപിക്കാടിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ആദ്യം തന്നെ രംഗത്തു വന്നത് ആര്‍.വി. ബാബു,ശശികല ടീച്ചര്‍ തുടങ്ങിയ ആര്‍.എസ്.എസ് സംഘപരിവാര്‍ നേതാക്കളാണ്. ആര്‍.എസ്.എസിന്‍റെ ഈ നിലപാടിനെ മറികടക്കാന്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ഭയപ്പെട്ടിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. കോണ്‍ഗ്രസ്സിന്‍റെ സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതില്‍, എന്‍.എസ്.എസ്.ല്‍ നിന്നുള്ള ഇടപെടലുകളും സമ്മര്‍ദ്ദവും പ്രധാന നേതാക്കളെ സ്വാധീനിച്ചു എന്നത് ആ പാര്‍ട്ടിക്കുള്ളില്‍ നിലനില്ക്കുന്ന ‘ഒളിഗാര്‍ക്കി’ഭരണത്തെയാണ് വെളിപ്പെടുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് അങ്ങേയറ്റം ലജ്ജാകരവും, പ്രതിഷേധകരവുമാണ്. ആര്‍.എസ്.എസ്.ന്‍റെ സ്ലീപ്പര്‍സെല്ലുകള്‍ കോണ്‍ഗ്രസ്സിനുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റു പറയാനാവില്ല. കോണ്‍ഗ്രസ് ദേശീയ നേതൃത്വം മുന്നോട്ടു വെച്ച ജാതി സെന്‍സസിനെ സംബന്ധിച്ച് ഒരു നിലപാടും കേരളത്തിലെ കോണ്‍ഗ്രസ് പറയാതിരിക്കുന്നത് പ്രത്യക്ഷ ഉദാഹരണമാണ്.

സണ്ണി എം കപിക്കാടിന് സീറ്റു നല്കാമെന്ന ഉറപ്പ് ലഭിച്ചിരുന്നു. മാധ്യമങ്ങളുടെ സ്ഥിരം ചര്‍ച്ചയായി നിലനിന്നപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ അത് നിഷേധിച്ചിരുന്നില്ല. പ്രാഥമിക ലിസ്റ്റ് പ്രഖ്യാപിച്ച ദിവസം മാത്രമാണ്, സംഘപരിവാര്‍ താല്പര്യങ്ങളെ സംരക്ഷിക്കുന്ന കോണ്‍ഗ്രസിലെ മുഖ്യമന്ത്രി മോഹികളുടെ ഗ്രൂപ്പിന്‍റെ നേതാക്കള്‍ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്ത് വൈക്കത്തെ യു.ഡി.എഫ് വിജയത്തെ ഇല്ലാതാക്കിയത്. ഇതിനെതിരെ കേരളത്തില്‍ ശക്തമായ പൊതുവികാരമുണ്ട്. അത് തെരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ദലിത് ആദിവാസി വിഭാഗങ്ങള്‍ കോണ്‍ഗ്രസ്സിനനുകൂലമായി വോട്ടു ചെയ്തതാണ് അവര്‍ക്ക് വലിയ വിജയം സമ്മാനിച്ചത് എന്ന് മറന്നു പോകാന്‍ പാടില്ലാത്തതാണ്. ദലിത്-ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയ ഗണമായി പരിഗണിക്കുവാന്‍ കോണ്‍ഗ്രസ്സിനു കഴിയാത്തതിനാല്‍ തന്നെ ഈ തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായ ദലിത്-ആദിവാസി വിഭാഗങ്ങളുടെ നിരുപാധിക പിന്തുണ പുന:പരിശോധിച്ച് സ്വീകാര്യരായ സ്ഥാനനാര്‍ത്ഥികളെ പിന്തുണയ്ക്കും.

കേരളത്തില്‍ ഇരുപതു ശതമാനം വോട്ടു ഷെയറുള്ള ദലിത് ആദിവാസി വിഭാഗങ്ങളെ പരിഗണിക്കുവാന്‍ ഇടതു വലതു മുന്നണികള്‍ക്ക് താല്പര്യമില്ല എന്ന് വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍, പിന്നാക്ക വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, സ്ത്രീകള്‍,മറ്റു വിഭാഗങ്ങള്‍ , ജനാധിപത്യവാദികള്‍ എന്നിവരെ കൂട്ടിയിണക്കുന്ന വിശാലമായ ഒരു അംബേദ്കറൈറ്റ് രാഷ്ട്രീയ പാര്‍ട്ടിക്ക് സണ്ണി എം കപിക്കാടിന്‍റെ നേതൃത്വത്തില്‍ രൂപം നല്കുവാന്‍ തീരുമാനിച്ചതായും, അടുത്ത പൊതു തെരെഞ്ഞെടുപ്പു മുതല്‍ മത്സരരംഗത്തു സജീവമായി ഇടപെടുമെന്നും ദലിത് സമുദായ മുന്നണി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എ.പ്രസാദ്, സംഘടനാ സെക്രട്ടറി ബിജോയ് ഡേവിഡ്, വൈസ് ചെയര്‍മാന്‍ മണികണ്ഠന്‍ കാട്ടാമ്പള്ളി,വൈസ്ചെയര്‍പേഴ്സണ്‍ തങ്കമ്മഫിലിപ് , ട്രഷറര്‍ കെ.വത്സകുമാരി, ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.ഡി.തോമസ്, എന്നിവര്‍ അറിയിച്ചു.

പത്ര സമ്മേളനത്തില്‍, ദലിത് സമുദായ മുന്നണി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എ.പ്രസാദ്, സംഘടനാ സെക്രട്ടറി ബിജോയ് ഡേവിഡ്, വൈസ് ചെയര്‍മാന്‍ മണികണ്ഠന്‍ കാട്ടാമ്പള്ളി,വൈസ്ചെയര്‍പേഴ്സണ്‍ തങ്കമ്മഫിലിപ് , ട്രഷറര്‍ കെ.വത്സകുമാരി, ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.ഡിതോമസ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.പി.ജോയി,സംസ്ഥാനകമ്മറ്റിയംഗം ദിലീപ്കൈപ്പുഴ എന്നിവര്‍ പങ്കെടുത്തു.