പ്രഖ്യാപനത്തിന് മുന്‍പ് പോസ്റ്റര്‍ അടിച്ചതില്‍ വിശദീകരണവുമായി ദീപ്തി മേരി വര്‍ഗീസ്; ‘പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കം നടത്തിയത്; പാർട്ടി പറയുന്നത് അനുസരിക്കുമെന്നും തീരുമാനം’

Spread the love

കൊച്ചി: സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പെ സ്വന്തം പേരില്‍ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ അടിച്ചതില്‍ വിശദീകരണവുമായി ദീപ്തി മേരി വര്‍ഗീസ്.

പാർട്ടി പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കങ്ങള്‍ നടത്തിയതെന്നും പോസ്റ്റർ അടിച്ചത് അതിന്റെ ഭാഗമായാണെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. പാർട്ടി പറയുന്നത് അനുസരിക്കുമെന്നും തീരുമാനം നെഗറ്റീവ് ആയോ എന്നറിയില്ലെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.

സീറ്റില്ലെങ്കിലും പരാതിയില്ല. തനിക്കെല്ലാം പാർട്ടിയാണ് പലവിധത്തില്‍ പരിഗണിക്കാമല്ലോയെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.

കോണ്‍ഗ്രസില്‍ തര്‍ക്കമില്ലെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിക്കുന്നതിനിടെയാണ് പ്രഖ്യാപനം വരുന്നതിന് മുന്‍പെ കൊച്ചി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയായി ദീപ്തി മേരി വര്‍ഗീസിന്‍റെ പേരില്‍ പോസ്റ്റർ പ്രിന്റ് ചെയ്തു തുടങ്ങിയത്. സർവ്വം ദീപ്തം എന്ന ടാഗ് ലൈനോട് ആയിരുന്നു പോസ്റ്റർ തയ്യാറാക്കിയത്.

കൊച്ചി സ്ഥാനാർത്ഥി ആരെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ദീപ്തി മേരി വർഗീസിന്‍റെ പോസ്റ്റർ പ്രവര്‍ത്തകര്‍ അടിച്ചു തുടങ്ങിയത്. കൊച്ചി നഗരത്തിലെ സ്വകാര്യ പ്രസ്സില്‍ അച്ചടിച്ച പോസ്റ്ററുകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോസ്റ്ററുകള്‍ അച്ചടിക്കുന്നത് നിർത്തിവയ്ക്കാൻ ദീപ്തി നിർദ്ദേശം നല്‍കുകയായിരുന്നു.