
കോട്ടയം: കോണ്ഗ്രസും കേരള കോണ്ഗ്രസും (ജോസഫ് വിഭാഗം) ബിഡിജെഎസും സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചതോടെ ജില്ലയില് സ്ഥാനാര്ഥി ചിത്രം ഏകദേശം തെളിഞ്ഞു.
പാലാ, കോട്ടയം, കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങളില് മുന്നണി സ്ഥാനാര്ഥി ചിത്രം പൂര്ണമായി.
കോട്ടയത്ത് തിരുവഞ്ചൂര് രാധാകൃഷ്ണന്റെയും പുതുപ്പള്ളിയില് ചാണ്ടി ഉമ്മന്റെയും വൈക്കത്ത് കെ. ബിനിമോന്റെയും സ്ഥാനാര്ഥിത്വം എഐസിസി പ്രഖ്യാപിച്ചു. കടുത്തുരുത്തിയില് മോന്സ് ജോസഫും ചങ്ങനാശേരിയില് ജില്ലാ പഞ്ചായത്തംഗം വിനു ജോബും കേരള കോണ്‍ഗ്രസിനായി ജനവിധി തേടും.
പാലായില് യുഡിഎഫ് സ്ഥാനാര്ഥിയായി മാണി സി. കാപ്പന് പ്രചാരണത്തില് സജീവമായി കഴിഞ്ഞു. ഏറ്റുമാനൂര് സീറ്റ് കേരള കോണ്ഗ്രസില്നിന്നു കോണ്ഗ്രസ് ഏറ്റെടുത്തെങ്കിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല. മുതിർന്ന നേതാവും മൂവാറ്റുപുഴ മുൻ എംഎല്‍എയുമായ ജോസഫ് വാഴയ്ക്കന്റെ പേരിനാണ് പാർട്ടി പ്രഥമ പരിഗണന നല്‍കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെയും പരിഗണിക്കുന്നുണ്ടെങ്കിലും വാഴയ്ക്കനാണ് മുൻതൂക്കം. നാട്ടകം സുരേഷിനെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. ആദ്യഘട്ട സ്ഥാനാർഥി ലിസ്റ്റില്‍ പൂഞ്ഞാറിലെ സ്ഥാനാർഥിയെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ പ്രഥമ പരിഗണന ടോമി കല്ലാനിക്കാണ്.



