
കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേരളാ കോണ്‍ഗ്രസ് (ജെ) വിഭാഗം നേതാവ് പി ജെ ജോസഫും തമ്മില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച്ച നടന്നു. ആലുവ പാലസില്‍വെച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. മോന്‍സ് ജോസഫും ഫ്രാന്‍സിസ് ജോര്‍ജ് എംപിയും പങ്കെടുത്തു.
സീറ്റുകള്‍ വെച്ചുമാറുന്നതുമായി ബന്ധപ്പെട്ടാണ് ഉഭയകക്ഷി ചര്‍ച്ച നടന്നത്. ഇടുക്കി സീറ്റ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും വിട്ടുനല്‍കാനാകില്ലെന്ന് പി ജെ ജോസഫ് വ്യക്തമാക്കി. പിന്നാലെ കേരളാ കോണ്‍ഗ്രസുമായി സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും തര്‍ക്കങ്ങളൊന്നുമില്ലെന്നും വി ഡി സതീശന് വ്യക്തമാക്കി.
എത്ര സീറ്റാണ് നല്‍കുക എന്നതുള്‍പ്പെടെയുളള കാര്യങ്ങളില്‍ നാളെ വ്യക്തത വരുത്താമെന്നും വി ഡി സതീശന് പറഞ്ഞു. എന്നാല്‍ സീറ്റ് ചര്‍ച്ചയില്‍ ധാരണയായിട്ടില്ല എന്നാണ് പി ജെ ജോസഫ് പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടുദിവസത്തിനകം തീരുമാനമാകുമെന്നും ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും പി ജെ ജോസഫ് വ്യക്തമാക്കി. കോണ്‍ഗ്രസുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. ടീം യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തിയതികളാണ് പ്രഖ്യാപിച്ചത്.
അസമിലും കേരളത്തിലും പുതുച്ചേരിയിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്നാട്ടില്‍ ഏപ്രില്‍ 29-ന് വോട്ടെടുപ്പ് നടക്കും. ഒറ്റ ഘട്ടമായാണ് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
ആദ്യഘട്ടം ഏപ്രില്‍ 23-നും രണ്ടാംഘട്ടം ഏപ്രില്‍ 29-നും നടക്കും. മെയ് നാലിനായിരിക്കും നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിയതികള്‍ പ്രഖ്യാപിച്ചത്



