
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കാറ്ററിംഗ്, ഹോട്ടലുകള്‍, ശ്‌മശാനങ്ങള്‍ തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങള്‍ താറുമാറാകുന്ന നിലയിലാണ്.
ഈ പ്രതിസന്ധി വീണ്ടും തുടർന്നാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കാൻ പോകുന്നത് ഇന്ത്യൻ റെയില്‍വേയുടെ ഭക്ഷണ വിതരണത്തെയായിരിക്കും. വാണിജ്യ സിലിണ്ടറുകളുടെ ദൗർലഭ്യം കാരണം ട്രെയിനുകളിലെ പാചകം താല്‍ക്കാലികമായി നിലച്ചേക്കാമെന്ന തരത്തിലുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.
പാചകം തടസപ്പെട്ടാല്‍ ട്രെയിനുകളില്‍ നേരത്തെ ബുക്ക് ചെയ്ത മീല്‍സ് നല്‍കാൻ കഴിഞ്ഞെന്നു വരില്ലെന്ന ആശങ്കയുമുണ്ടായിരുന്നു. എന്നാല്‍ പ്രതിസന്ധിയുണ്ടാകില്ലെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യാത്രക്കാർക്ക് ഭക്ഷണം എത്തിക്കാൻ സാധിച്ചില്ലെങ്കില്‍ യാത്രക്കാർ അടച്ച പണം തിരികെ നല്‍കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ ഐആർസിടിസി തങ്ങളുടെ കാറ്ററിംഗ് യൂണിറ്റുകള്‍ക്ക് കർശന നിർദ്ദേശം നല്‍കിക്കഴിഞ്ഞു.
ഭക്ഷണമെത്തിക്കുന്നത് മുടങ്ങാതിരിക്കാൻ ഗ്യാസിന് പകരമുള്ള മറ്റ് മാർഗങ്ങള്‍ ഉടനടി കണ്ടെത്താനും റെയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലെ ഫുഡ് പ്ലാസകള്‍, ജൻ ആഹാർ ഔട്ട്‌ലെറ്റുകള്‍, റിഫ്രഷ്‌മെന്റ് റൂമുകള്‍ എന്നിവയെല്ലാം അതീവ ജാഗ്രതയിലാണ്. പാചകവാതകം കിട്ടാത്ത സാഹചര്യമുണ്ടായാല്‍ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കാനും ബദല്‍ സംവിധാനങ്ങള്‍ ഒരുക്കി യാത്രക്കാർക്ക് തടസമില്ലാതെ ഭക്ഷണം നല്‍കാനും നിർദ്ദേശമുണ്ട്.



