
പശ്ചിമേഷ്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കായി പ്രത്യേക ക്രമീകരണങ്ങളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും രംഗത്ത്. മാർച്ച് 15ന് രണ്ട് എയർലൈൻസുകളും ചേർന്ന് ആകെ 72 വിമാന സർവീസുകൾ നടത്തുമെന്ന് കമ്പനി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി. യാത്രക്കാരുടെ ആവശ്യകത പരിഗണിച്ചാണ് അധിക സർവീസുകൾ ക്രമീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.
നിശ്ചിത ഷെഡ്യൂൾ പ്രകാരം മസ്കറ്റിലേക്കും ജിദ്ദയിലേക്കും സർവീസുകൾ തുടരുമെന്ന് എയർലൈൻ അറിയിച്ചു. ഇന്ത്യയും ജിദ്ദയും തമ്മിൽ ആകെ എട്ട് സർവീസുകൾ ഉണ്ടായിരിക്കും. ഇതിൽ എയർ ഇന്ത്യ ഡൽഹിയിലും മുംബൈയിലും നിന്നായി ഓരോ റിട്ടേൺ സർവീസുകൾ നടത്തും. എയർ ഇന്ത്യ എക്സ്പ്രസ് ബെംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായിരിക്കും സർവീസുകൾ നടത്തുക. കൂടാതെ ഡൽഹി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നായി മസ്കറ്റിലേക്കും തിരിച്ചുമായി 12 ഷെഡ്യൂൾഡ് സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് നടത്തും.
ഇതിനു പുറമേ യുഎഇയും സൗദി അറേബ്യയും ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കായി 52 അധിക (നോൺ-ഷെഡ്യൂൾഡ്) സർവീസുകളും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ദുബായ്, അബുദാബി, ഷാർജ, റാസ് അൽ ഖൈമ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് സർവീസുകൾ നടത്തുക. മറ്റ് അന്താരാഷ്ട്ര റൂട്ടുകളിലെ സർവീസുകൾ സാധാരണ ഷെഡ്യൂൾ പ്രകാരം തുടരുമെന്നും, റദ്ദാക്കിയ റൂട്ടുകളിൽ ബുക്ക് ചെയ്തവർക്ക് അധിക ചാർജില്ലാതെ തീയതി മാറ്റുന്നതിനും പൂർണ്ണ റീഫണ്ടും ലഭ്യമാക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


