ഡോക്ടറിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിലൂടെ 1.30 കോടി തട്ടി; 1.06 കോടി തിരിച്ചുപിടിച്ച് കൊച്ചി സൈബർ പൊലീസ്

Spread the love

കൊച്ചി: എറണാകുളത്ത് ഡോക്ടറിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിലൂടെ തട്ടിയെടുത്ത പണത്തിൽ 1.06 കോടി രൂപ തിരിച്ചുപിടിച്ച് കൊച്ചി സൈബർ ക്രൈം പൊലീസ്. എറണാകുളം ചാത്യാത്ത് റോഡിൽ താമസിക്കുന്ന 81 വയസുള്ള ഡോക്ടറുടെ 1.30 കോടി രൂപയാണ് ഇതര സംസ്ഥാനക്കാരയ പ്രതികൾ തട്ടിയെടുത്തത്.

video
play-sharp-fill

പരാതി കിട്ടിയ ഉടൻ നടപടി സ്വീകരിച്ച സൈബർ പൊലീസ് ശ്രീനഗറിലെ ഒരു അക്കൗണ്ടിലെത്തിയ 1.06 കോടി രൂപ മരവിപ്പിക്കുകയായിരുന്നു. തുടർന്ന് കോടതി ഇടപെടലിലൂടെ ഈ പണം ഡോക്ടർക്ക് തിരികെ ലഭിച്ചു. ബാക്കിയുള്ള 24 ലക്ഷത്തോളം രൂപയുടെ കാര്യത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ഇക്കഴിഞ്ഞ നവംബർ മാസത്തിലായിരുന്നു സംഭവം. നവംബർ ഒന്നിന് ഡോക്ടറെ ഫോണിലും വാട്സ്ആപ്പിലും ബന്ധപ്പെട്ട തട്ടിപ്പുകാർ സിബിഐയിൽ നിന്നാണെന്നും ഡോക്ടറുടെ മറ്റൊരു ഫോണ്‍ നമ്പർ ഉപയോഗിച്ച് ഒട്ടേറെ ക്രിമിനൽ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നും അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഭീഷണിയും ഡിജിറ്റൽ അറസ്റ്റും നവംബർ 4 വരെ തുടർന്നു. നാലിന് ഡോക്ടറുടെ പേരിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പക്കലുള്ള പണത്തിന്റെ ഉറവിടം അറിയാൻ ഇത് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

കുറ്റകൃത്യത്തിലൂടെ ലഭിച്ചതാണോ എന്ന് പരിശോധിക്കാനാണ് ഇതെന്നും അതിനായി തങ്ങൾ തരുന്ന അക്കൗണ്ടിലേക്ക് പണം അയയ്ക്കണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെട്ടു. തുടർന്ന് തന്റെ അക്കൗണ്ടിലുണ്ടായിരുന്ന 1.30 കോടി രൂപ ഡോക്ടർ അയച്ചു തട്ടിപ്പുകാർ ആവശ്യപ്പെട്ട അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു.

പിന്നീടാണ് ഇത് തട്ടിപ്പായിരുന്നു എന്നു മനസിലാകുന്നതും നവംബർ ആറിന് കൊച്ചി സൈബർ ക്രൈം െപാലീസിനെ സമീപിക്കുന്നതും. പൊലീസ് ഉടൻ കേസ് വിവരങ്ങൾ നാഷണൽ സൈബർ ക്രൈം പോർട്ടലിൽ അപ്‍ലോഡ് ചെയ്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണത്തിൽ ഭൂരിഭാഗവും പോയിരിക്കുന്നത് ശ്രീനഗറിലെ ഒരു സ്വകാര്യ ബാങ്കിന്റെ അക്കൗണ്ടിലേക്കാണെന്ന് മനസിലായി. ഇത് പരിശോധിച്ചപ്പോൾ 1.06 കോടി രൂപ ഉള്ളതായി മനസിലാക്കുകയും നിയമപരമായി ഈ അക്കൗണ്ട് മരവിപ്പിക്കുകയുമായിരുന്നു.

ദേവിലാൽ സിങ്, പ്രണവ് ദയാൽ, അജ്ഞാതനായ മറ്റൊരാൾ എന്നിവർക്കെതിരെ എഫ്ഐആർ റജിസ്റ്റർ െചയ്ത് അന്വേഷണം നടക്കുന്നുണ്ട്. മരവിപ്പിച്ച പണം കോടതിയുടെ ഉത്തരവിലൂടെ ഡോക്ടർക്ക് തിരികെ നൽകിയെന്ന് പൊലീസ് വ്യക്തമാക്കി.

ഇത്തരത്തിൽ പണം നഷ്ടപ്പെടുന്നവർ സമയോചിതമായി പൊലീസിനെ സമീപിക്കുകയും നാഷണൽ സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകണമെന്നും പൊലീസ് വ്യക്തമാക്കി. ഇത്തരത്തിൽ ഉടൻ പരാതി നൽകിയാൽ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാനുള്ള സാധ്യത കൂടുതലാണ്.