നിയന്ത്രണങ്ങളോടെ വാണിജ്യ സിലിണ്ടറുകള്‍ വിതരണം ചെയ്യാൻ സർക്കാർ തീരുമാനം: വാണിജ്യ സിലിണ്ടറുകള്‍ ആവശ്യമായ സ്ഥാപനങ്ങളുടെ പട്ടിക എണ്ണ കമ്പനികള്‍ വഴി സംസ്ഥാന സർക്കാരുകള്‍ തയ്യാറാക്കണമെന്ന് കേന്ദ്ര നിർദേശം.

Spread the love

ഡല്‍ഹി: ഹോർമുസ് കടലിടുക്കിലെ സംഘർഷം കാരണം എല്‍പിജി ഇറക്കുമതി പ്രതിസന്ധിയിലായ പശ്ചാത്തലത്തില്‍, നിയന്ത്രണങ്ങളോടെ വാണിജ്യ സിലിണ്ടറുകള്‍ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു.
പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാണിജ്യ സിലിണ്ടറുകള്‍ ആവശ്യമായ സ്ഥാപനങ്ങളുടെ പട്ടിക എണ്ണ കമ്പനികള്‍ വഴി സംസ്ഥാന സർക്കാരുകള്‍ തയ്യാറാക്കേണ്ടതുണ്ട്.

video
play-sharp-fill

ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരത്തെ തന്നെ മുൻഗണന നല്‍കിയിട്ടുണ്ട്. മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ നല്‍കുന്ന മുൻഗണനാ പട്ടിക അനുസരിച്ചായിരിക്കും വിതരണം നടക്കുക. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും ഒഴിവാക്കാനാണ് ഈ അധികാരം സംസ്ഥാനങ്ങള്‍ക്ക് കൈമാറുന്നത്.

ഇന്ത്യയുടെ എല്‍പിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതില്‍ 90 ശതമാനവും എത്തുന്നത് യുദ്ധം കാരണം അടച്ചിട്ടിരിക്കുന്ന ഹോർമുസ് കടലിടുക്ക് വഴിയാണ്. കഴിഞ്ഞ 13 ദിവസമായി ഈ ജലപാത തടസ്സപ്പെട്ടിരിക്കുന്നത് വലിയ വെല്ലുവിളിയാണെങ്കിലും ഗാർഹിക ആവശ്യത്തിനുള്ള ഇന്ധന ലഭ്യത ഉറപ്പാക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ രാജ്യത്ത് എല്‍പിജി വിതരണത്തില്‍ തടസ്സമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. വിതരണം മുടങ്ങുമെന്ന ഭീതിയില്‍ ആളുകള്‍ കൂട്ടത്തോടെ സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതാണ് തിരക്കിന് കാരണം. പ്രതിദിനം 50 ലക്ഷം സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും ഇന്ധനം പാഴാക്കാതെ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിതരണം തടസ്സപ്പെട്ടതോടെ ബദല്‍ മാർഗ്ഗങ്ങളായി റിഫൈനറികളിലെ എല്‍പിജി ഉത്പാദനം 28 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ ഖത്തർ, സൗദി തുടങ്ങിയ രാജ്യങ്ങള്‍ക്ക് പകരം അമേരിക്ക, നോർവേ, കാനഡ, റഷ്യ, അള്‍ജീരിയ എന്നിവിടങ്ങളില്‍ നിന്ന് എല്‍പിജി എത്തിക്കാൻ നടപടി തുടങ്ങി. ഇന്ത്യയുടെ ഊർജ്ജ മേഖല സുരക്ഷിതമാണെന്നും പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ തുടങ്ങിയവയ്ക്ക് നിലവില്‍ ക്ഷാമമില്ലെന്നും എണ്ണ മന്ത്രി ഹർദീപ് സിംഗ് പുരി പാർലമെന്റില്‍ ഉറപ്പ് നല്‍കി.