
കൊച്ചി: ടിപ്പർ ലോറികള്‍, സ്റ്റേജ് കാരിയർ വാഹനങ്ങള്‍, മറ്റ് ഭാരവാഹനങ്ങള്‍ എന്നിവയുടെ പരമാവധി വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി ഉയർത്തി.
നിലവില്‍ ഈ വാഹനങ്ങള്‍ക്ക് അനുവദിച്ചിരുന്ന വേഗപരിധി 60 കിലോമീറ്ററായിരുന്നു. സംസ്ഥാനത്തെ റോഡുകളുടെ നിലവാരം മെച്ചപ്പെട്ടതും ഗതാഗത സൗകര്യങ്ങള്‍ വിപുലമായതുമാണ് പുതിയ വേഗപരിധി നിശ്ചയിക്കാൻ കാരണമായത്. ഇത് സംബന്ധിച്ചുള്ള സർക്കുലർ ട്രാൻസ്പോർട്ട് കമ്മിഷണർ പുറത്തിറക്കിയിട്ടുണ്ട്. പുതിയ ഉത്തരവനുസരിച്ച് സംസ്ഥാനത്തെ ദേശീയപാതകളും സംസ്ഥാനപാതകളും ഉള്‍പ്പെടെ വിവിധ പ്രധാന റോഡുകളിലൂടെയുള്ള ഗതാഗതത്തിനാണ് ഉയർന്ന വേഗപരിധി ബാധകമാകുന്നത്.
എന്നാല്‍ സ്കൂള്‍ സമയങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള ഗതാഗതനിയന്ത്രണങ്ങളില്‍ മാറ്റമില്ല. രാവിലെ സ്കൂള്‍ സമയം ആരംഭിക്കുന്ന സമയത്തും വൈകുന്നേരം വിദ്യാർത്ഥികള്‍ വീട്ടിലേക്ക് മടങ്ങുന്ന സമയത്തും ടിപ്പർ ലോറികള്‍ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങള്‍ക്ക് ഓരോ മണിക്കൂർ വീതം ഗതാഗതനിരോധനം തുടരുന്നതാണ്. സ്കൂള്‍ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ നിയന്ത്രണം തുടരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. റോഡ് സുരക്ഷാ നിർദേശങ്ങള്‍ പാലിക്കണമെന്ന് ഡ്രൈവർമാർക്ക് ഗതാഗതവകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, പുതിയ വേഗപരിധി പ്രാബല്യത്തില്‍ വന്നാലും അപകടസാധ്യത കൂടുതലുള്ള മേഖലകളില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ പൊലീസ് ഏർപ്പെടുത്താൻ കഴിയുമെന്നും സർക്കുലറില്‍ വ്യക്തമാക്കുന്നു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രാഫിക് നിയമങ്ങള്‍ കർശനമായി പാലിക്കണമെന്നും ഗതാഗതവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട് .



