
കാറാച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാനെ കൂടുതല്‍ ഞെരുക്കി ഇറാൻ യുദ്ധം.
യുദ്ധം നീളുന്നതിനാല്‍ പാകിസ്ഥാൻ അടച്ചുപൂട്ടലിലേക്ക് കടന്നിരിക്കുകയാണ്. ആഗോള എണ്ണവില കുതിച്ചുയർന്നതോടെ പിടിച്ചുനില്ക്കാൻ കഴിയാതെയാണ് സ്കൂളുകളും ഓഫീസുകളും ഉള്‍പ്പെടെ അടച്ചിടാൻ തീരുമാനിച്ചത്.
പുണ്യമാസമായ റംസാനില്‍ ഇഫ്താർ പാർട്ടികള്‍ നടത്തുന്നതുപോലും വിലക്കിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ബാങ്കുകള്‍ ഒഴികെയുള്ള ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ടാഴ്ചത്തേക്ക് പൂർണമായും വർക്ക് ഫ്രം ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. അവശ്യ സേവനങ്ങള്‍ നല്കുന്ന സർക്കാർ ഓഫീസുകള്‍ ആഴ്ചയില്‍ നാലുദിവസം മാത്രം പ്രവർത്തിച്ചാല്‍ മതിയെന്നാണ് അധികൃതരുടെ ഉത്തരവ്. ഇവിടങ്ങളില്‍ അമ്പതുശതമാനം ജീവനക്കാർ മാത്രം എത്തിയാല്‍ മതിയാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹോർമുസ് കടലിടുക്ക് അടച്ചതോടെ പാകിസ്ഥാനിലേക്കുള്ള എണ്ണവരവ് ഏതാണ്ട് പൂർണമായി നിലച്ച അവസ്ഥയിലാണ്. മാത്രമല്ല വൻ വിലകൊടുത്ത് എണ്ണവാങ്ങാനുള്ള സാമ്പത്തിക സ്ഥിതിയുമില്ല. അതിനാല്‍ എണ്ണയുടെയും പാചകവാതകത്തിന്റെയും ഉപയോഗം പരമാവധി കുറയ്ക്കാണ് അടച്ചുപൂട്ടുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
ആംബുലൻസ്, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് ആവശ്യാനുസരണം ഇന്ധനം നല്കാൻ അനുമതിയുളളത്. രണ്ടുമാസത്തേക്ക് നാല്‍പ്പതുശതമാനം സർക്കാർ വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. അതും ഒഴിച്ചുകൂടാനാവാത്ത അവസരങ്ങളില്‍ മാത്രം. ഫെഡറല്‍, പ്രവിശ്യാ കാബിനറ്റ് അംഗങ്ങളുടെ ശമ്പളത്തില്‍ രണ്ടുമാസത്തേക്ക് 25 ശതമാനം കുറവുവരുത്തും. 3,00,000 രൂപയോ അതില്‍ കൂടുതലോ ശമ്പളമുളള ഉദ്യോഗസ്ഥർ മാസത്തില്‍ രണ്ടുദിവസം ശമ്പളമില്ലാതെ ജോലിചെയ്യണം. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിദേശ യാത്രകള്‍ക്കും രണ്ടുമാസത്തേക്ക് വിലക്കുണ്ട്. സർക്കാർ തലത്തിലെ ഇഫ്താർ പാർട്ടികള്‍ക്കും നിരോധനമുണ്ട്.
യുദ്ധം ആരംഭിച്ച ഉടൻ രാജ്യത്ത് എണ്ണവില കാര്യമായി ഉയർത്തിയിരുന്നു. എന്നിട്ടും പ്രതിസന്ധി മറികടക്കാൻ പാകിസ്ഥാനായില്ല. എണ്ണയുടെ കരുതല്‍ ശേഖരം ആവശ്യത്തിന് ഇല്ലാത്തതാണ് കടുത്ത കുഴപ്പത്തിലേക്ക് പാകിസ്ഥാനെ എത്തിച്ചത്. യുദ്ധം ഇനിയും നീണ്ടാല്‍ പാകിസ്ഥാൻ കടുത്ത പട്ടിണിയുടെ പിടിയിലാകുമെന്നാണ് മുന്നറിയിപ്പ്.



