അബുദാബി റുവൈസ് വ്യവസായ കോംപ്ലക്സില്‍ ഒരു കെട്ടിടത്തില്‍ വൻ തീപിടുത്തം; ഡ്രോണ്‍ ആക്രമണമെന്ന് അധികൃതര്‍

Spread the love

അബുദാബി: അബുദാബി റുവൈസ് വ്യവസായ കോംപ്ലക്സില്‍ ഒരു കെട്ടിടത്തില്‍ തീപിടുത്തം. അബുദാബിയിലെ പ്രമുഖ വ്യവസായ കേന്ദ്രമായ റുവൈസ് ഇൻഡസ്ട്രിയല്‍ കോംപ്ലക്സിലെ ഒരു കേന്ദ്രത്തിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതായാണ് റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് ഇവിടെ തീപിടുത്തമുണ്ടായതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

video
play-sharp-fill

ശത്രുവിന്‍റെ ഡ്രോണ്‍ പതിച്ചതിനെ തുടർന്നാണ് കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. സിവില്‍ ഡിഫൻസ് ഉദ്യോഗസ്ഥരും സുരക്ഷാ സേനയും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആക്രമണത്തില്‍ ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല. സ്ഥിതിഗതികള്‍ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സോഷ്യല്‍ മീഡിയ വഴിയോ മറ്റോ അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മീഡിയ ഓഫീസ് കർശന മുന്നറിയിപ്പ് നല്‍കി.

അതേസമയം യുഎഇയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് എല്ലാത്തരം ഡ്രോണുകള്‍ക്കും ലൈറ്റ് സ്പോർട്സ് വിമാനങ്ങള്‍ക്കും സമ്പൂർണ നിരോധനം ഏർപ്പെടുത്തി അധികൃതർ. ജനറല്‍ സിവില്‍ ഏവിയേഷൻ അതോറിറ്റിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വിനോദത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്ന ഡ്രോണുകള്‍, ഗ്ലൈഡറുകള്‍, ലൈറ്റ് സ്പോർട്സ് വിമാനങ്ങള്‍ എന്നിവയ്ക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അനുമതിയുണ്ടാകില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേഖലയിലെ ‘അസാധാരണ സാഹചര്യങ്ങള്‍’ മുൻനിർത്തി സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായാണ് ഈ നടപടി. ഈ നിർദ്ദേശം ലംഘിക്കുന്നവർ കർശനമായ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. നിയമങ്ങള്‍ പാലിക്കുന്നത് എല്ലാവർക്കും നിർബന്ധമാണ്. പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ അന്തരീക്ഷത്തില്‍ രാജ്യത്തിന്റെ വ്യോമപാതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ അടിയന്തര നീക്കം.