
കണ്ണൂർ: കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ കയ്യാങ്കളി. മേയറെ ഉൾപ്പെടെ തള്ളിമാറ്റിയതോടെ യുഡിഎഫ് പ്രവർത്തകരും എൽഡിഎഫ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ.
പ്രധാന ഗെയ്റ്റിന് മുന്നിലാണ് പ്രതിഷേധം നടത്തിയത്. മറ്റൊരു വാതിലിലൂടെ മേയർ പി.ഇന്ദിര ഓഫിസിലേക്ക് പോകാൻ ശ്രമിച്ചതോടെയാണ് പ്രശ്നം ഉടലെടുത്തത്.
‘മേയർ ഗോ ബാക്ക്’ എന്ന വിളികളോടെ പ്രതിഷേധക്കാർ തടഞ്ഞു. ഇതോടെ ഇരു കൂട്ടരും തമ്മിൽ ഉന്തും തള്ളുമായി. പൊലീസ് ഇടപെട്ടാണ് ഇരു വിഭാഗത്തേയും പിടിച്ചു മാറ്റിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് എൽഡിഎഫ് പ്രതിഷേധക്കാർ പന്തലിലേക്ക് പിൻവാങ്ങുകയായിരുന്നു. ഇതിനു പിന്നാലെ മേയറെ മർദിച്ചുവെന്ന് ആരോപിച്ച് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മേയർ തുടങ്ങിയവരുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
മേയറെ എൽഡിഎഫ് പ്രവർത്തകർ മർദിച്ചപ്പോൾ പൊലീസ് നോക്കി നിന്നു എന്നും പൊലീസ് ഗുണ്ടായിസം കാണിക്കുകയാണെന്നും യുഡിഎഫ് ആരോപിച്ചു. എൽഡിഎഫ് പ്രവർത്തകർക്ക് മർദനമേറ്റെന്നും ആരോപണമുണ്ട്.
കണ്ണൂർ മണ്ഡലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എംഎൽഎ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്നതിന് നിർദേശിച്ച പദ്ധതികളെല്ലാം കോർപറേഷൻ ഏറ്റെടുക്കാതെയോ അനുമതി നൽകാതെയോ മുടക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
മണ്ഡലത്തിൽ വയോജനങ്ങൾക്ക് പകൽ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്നതിനായി 1 കോടി രൂപ അനുവദിച്ചെങ്കിലും സ്ഥലം അനുവദിക്കാത്തതിനാൽ തുടർ നടപടികളിലേക്കു കടക്കാനായില്ല. ജില്ലാ ഹോമിയോ ആശുപത്രിക്കായി എംഎൽഎ ഫണ്ടുപയോഗിച്ച് കെട്ടിടനിർമാണം തുടങ്ങിയെങ്കിലും കോർപറേഷൻ സ്‌റ്റോപ് മെമ്മോ നൽകിയതോടെ അതും മുടങ്ങിയെന്നും എൽഡിഎഫ് ആരോപിച്ചു.



