
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർധിക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ഉയർന്ന താപനില സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പകല്‍ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇടുക്കിയിലെ മൂന്നാറില്‍ അള്‍ട്രാവയലറ്റ് സൂചിക എട്ട് രേഖപ്പെടുത്തിയതിനെത്തുടർന്ന് അവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊട്ടാരക്കര, കോന്നി, ചങ്ങനാശ്ശേരി, തൃത്താല, മാനന്തവാടി എന്നിവിടങ്ങളില്‍ യുവി ഇൻഡക്സ് ആറ് മുതല്‍ ഏഴ് വരെ രേഖപ്പെടുത്തിയതിനാല്‍ യെല്ലോ അലർട്ടും നിലവിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അള്‍ട്രാവയലറ്റ് രശ്മികള്‍ തുടർച്ചയായി ശരീരത്തില്‍ ഏല്‍ക്കുന്നത് ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും കാരണമാകുമെന്നതിനാല്‍ പ്രതിരോധ നടപടികള്‍ കർശനമാക്കണം. ദാഹം അനുഭവപ്പെട്ടില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണമെന്നും എന്നാല്‍ മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങള്‍ എന്നിവ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകളും കുടയോ തൊപ്പിയോ ഉപയോഗിക്കാനും ശ്രദ്ധിക്കണം. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം ഒ.ആർ.എസ് ലായനി, സംഭാരം എന്നിവയുടെ ഉപയോഗം വർധിപ്പിക്കുകയും വേണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്കായി കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കണം. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് നേരിട്ട് വെയിലേല്‍ക്കുന്ന അസംബ്ലികളും വിനോദയാത്രകളും ഉച്ചസമയത്ത് ഒഴിവാക്കാൻ സ്കൂള്‍ അധികൃതർ ശ്രദ്ധിക്കണം.
കിടപ്പുരോഗികള്‍, ഗർഭിണികള്‍, പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് വേഗത്തില്‍ സൂര്യാഘാതം ഏല്‍ക്കാൻ സാധ്യതയുള്ളതിനാല്‍ അവർ പ്രത്യേക ജാഗ്രത പുലർത്തണം. ഓണ്‍ലൈൻ ഭക്ഷണ വിതരണക്കാർ, മാധ്യമപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, നിർമ്മാണ തൊഴിലാളികള്‍ എന്നിവർ ഉച്ചസമയത്തെ വെയില്‍ ഒഴിവാക്കി ജോലി സമയം ക്രമീകരിക്കണം.
കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും ഉച്ചവെയിലില്‍ കെട്ടിയിടരുതെന്നും വാഹനങ്ങളില്‍ കുട്ടികളെയും മൃഗങ്ങളെയും തനിച്ച് ഇരുത്തി പോകരുതെന്നും അതോറിറ്റി കർശനമായി നിർദ്ദേശിച്ചു.



