Spread the love

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തെ പരിഹസിച്ച മന്ത്രി കെ.ബി ഗണേഷ് കുമാറിന് രൂക്ഷമറുപടിയുമായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു.
രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കാന്‍ ഗണേഷ് കുമാര്‍ ആളല്ലെന്നും, അധികാരത്തില്‍ വന്നാല്‍ യു.ഡി.എഫ് ഈ വാഗ്ദാനം തീര്‍ച്ചയായും നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

video
play-sharp-fill

രാഹുല്‍ ഗാന്ധിയുടെ അച്ഛന്റെ പേര് രാജീവ് ഗാന്ധി എന്നാണ്, അല്ലാതെ ബാലകൃഷ്ണപിള്ളയെന്നല്ല എന്ന് മന്ത്രി ഗണേഷ് കുമാര്‍ മനസ്സിലാക്കണമെന്ന് പഴകുളം മധു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. രാഹുല്‍ ഗാന്ധിയെ വഴിയില്‍ കൂടി നടക്കുന്ന ഏതോ ഒരാള്‍ എന്ന തരത്തില്‍ ഗണേഷ് കുമാര്‍ അധിക്ഷേപിച്ചത് മര്യാദകേടും അധികപ്രസംഗവുമാണ്. രാജ്യത്തെ വലിയൊരു ജനവിഭാഗത്തിന്റെ റോള്‍ മോഡലായ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത് കല്ലില്‍ കടിച്ച്‌ പല്ല് കളയുന്നതിന് തുല്യമാണെന്നും അത് ഗണേഷ് കുമാറിന് നഷ്ടമേ ഉണ്ടാക്കൂവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

രാഹുല്‍ ഗാന്ധി പറയുന്നത് നടപ്പാക്കാനുള്ളതാണെന്നും, നടപ്പാക്കാന്‍ കഴിയുന്നതേ അദ്ദേഹം പറയൂ എന്നതാണ് ചരിത്രമെന്നും പഴകുളം മധു പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തില്‍ വരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുമാത്രമല്ല, രാഹുല്‍ ഗാന്ധി നല്‍കിയ അഞ്ച് ഗ്യാരണ്ടികളും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ വഴി കണ്ടെത്തും. അന്ന് പ്രതിപക്ഷത്താകാന്‍ പോകുന്ന മുന്നണി അതില്‍ ബേജാറാവേണ്ടതില്ലെന്നും അദ്ദേഹം പരിഹസിച്ചു. കര്‍ണാടക, തെലങ്കാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഈ ഗ്യാരണ്ടികള്‍ നടപ്പാക്കിയ രീതി മന്ത്രി മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടതുമുന്നണി സര്‍ക്കാരിലെ മിക്ക നേതാക്കള്‍ക്കും സമനില തെറ്റിയതിന്റെ തെളിവാണ് ഇത്തരം പ്രസ്താവനകളെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആരോപിച്ചു. തുച്ഛമായ ശമ്പളം മാത്രം ലഭിക്കുന്ന, അതും യഥാസമയം കിട്ടാത്ത പാവം കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരോടും കണ്ടക്ടര്‍മാരോടും യജമാന ഭാവത്തിലാണ് മന്ത്രി പെരുമാറുന്നത്. ആളുകളുടെ മെക്കിട്ട് കയറാനോ അവരുടെ മുന്നില്‍ ആളുകളിക്കാനോ അല്ല മന്ത്രി ശ്രമിക്കേണ്ടത്. സ്വയം നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയിലാണ് മന്ത്രിയെന്നും അതിന് മരുന്ന് കണ്ടെത്തുകയാണ് അഭികാമ്യമെന്നും പഴകുളം മധു പോസ്റ്റില്‍ വിമര്‍ശിച്ചു.