സ്വന്തം ലേഖകൻ
കോട്ടയം: പെരുമഴയിൽ സാധാരണക്കാർ നട്ടം തിരിയുമ്പോൾ നഗരത്തെ കുരുക്കി ബിഗ് ബസാറിന്റെ കച്ചവടം. മതിയായ പാർക്കിങ് സൗകര്യമില്ലാതെ, ടിബി റോഡിനു സമീപത്ത് പ്രവർത്തനം ആരംഭിച്ച ബിഗ് ബസാർ സാധാരണക്കാരായ ആളുകളെയാണ് വലയ്ക്കുന്നത്. ബിഗ് ബസാറിൽ എത്തുന്ന വാഹനങ്ങൾ റോഡരികിൽ നിർത്തി യാതൊരു മാനദണ്ഡവുമില്ലാതെ ആളുകളെ ഇറക്കുകയും കയറ്റുകയും കൂടി ചെയ്യുന്നതോടെ ബിഗ് ബസാർ യഥാർത്ഥത്തിൽ നഗരത്തിന് ബിഗ് പ്രോബ്ലമായി മാറിയിരിക്കുകയാണ്.
ഒരു വർഷം മുൻപ് നഗരത്തിൽ ബിഗ് ബസാർ പ്രവർത്തനം ആരംഭിക്കുമ്പോൾ തന്നെ ഈ സ്ഥാപനം നഗരത്തിന് ബാധ്യതയായി മാറുമെന്ന് തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. മതിയായ പാർക്കിങ് സൗകര്യമില്ലാതെ നഗരത്തിൽ ബിഗ് ബസാർ പ്രവർത്തനം ആരംഭിക്കുന്നത് നഗരത്തെ കുരുക്കുമെന്ന് തേർഡ് ഐ ന്യൂസ് ലൈവ് അന്ന് തന്നെ വാർത്ത് നൽകിയിരുന്നു. ഇത് ശരി വയ്ക്കുന്ന രീതിയിലാണ് ഇപ്പോൾ നഗരത്തെ കുരുക്കുന്നത്. ബിഗ് ബസാറിന്റെ കച്ചവടത്തിനായി മലയാള മനോരമയിൽ പരസ്യം നൽകിയതോടെയാണ് ആളുകൾ കൂട്ടത്തോടെ കുതിച്ചെത്തിയത്. തുടർന്ന് നാട്ടുകാർ കൂട്ടത്തോടെ സ്ഥാപനത്തിൽ എത്തുകയായിരുന്നു. എന്നാൽ, ഇത്ര ആളുകൾ എത്തുന്നതിന് അനുസരിച്ചുള്ള പാർക്കിങ് ക്രമീകരണങ്ങളൊന്നും ഇവിടെ ഏർപ്പെടുത്തിയിരുന്നില്ല.
ഇതേ തുടർന്ന് ആദ്യ ദിവസം തന്നെ റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾക്കെതിരെ പൊലീസ് നടപടിയും ആരംഭിച്ചു. റോഡരികിൽ ഗതാഗത തടസം ഉണ്ടാകുന്ന നിലയിൽ പാർക്ക് ചെയ്ത എല്ലാ വാഹനങ്ങൾക്കും എതിരെ പൊലീസ് നോട്ടീസ് പതിച്ചു. എന്നിട്ടും ഗതാഗതക്കുരുക്ക് അഴിക്കാൻ മാർഗമുണ്ടായില്ല.