
കോട്ടയം:അമീബിക് മസ്തിഷ്ക ജ്വര രോഗലക്ഷണങ്ങളോടെ സർക്കാർ ആശുപത്രികളില്‍ എത്തിച്ചിട്ടും ചികിത്സയില്‍ അവഗണന നേരിട്ടെന്ന് ബന്ധുക്കള്‍ പരാതി നല്കിയ യുവതി മരിച്ചു.
കോട്ടയം പാക്കില്‍ വാളൻപറമ്പില്‍ ഷാജിമോന്റെ ഭാര്യ സിന്ധുവാണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഒന്നര മാസം മുമ്പാണ് കോട്ടയം മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രികളില്‍ രോഗലക്ഷണങ്ങളോടെ സിന്ധുവിനെ എത്തിച്ചത്.
സർക്കാർ ആശുപത്രികളിലെ ചികിത്സാ വീഴ്ചകളിലും മരുന്ന് ദൗർലഭ്യത്തിലും അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് മകൻ കഴിഞ്ഞദിവസം മന്ത്രി വീണ ജോർജിനു പരാതി നല്‍കിയിരുന്നു. സംസ്കാരം ഇന്ന് രണ്ടിന് കൊല്ലാട് കുന്നുംപുറം ഡബ്ല്യു.എം.എം സെമിത്തേരിയില്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കള്‍: ആനന്ദ്, ആവണി, ആദി.
ജനുവരി 17നാണ് കടുത്ത തലവേദനയും ഛർദ്ദിയും അടക്കമുള്ള ലക്ഷണങ്ങളോടെ സിന്ധുവിനെ കോട്ടയം ജനറല്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ യഥാർത്ഥ രോഗം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പരാതിയില്‍ പറയുന്നു. ശേഷം ജനുവരി 20,24,28 തീയതികളില്‍ വീണ്ടും ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വിശദ പരിശോധന നടത്തുകയോ അഡ്മിറ്റ് ആക്കുകയോ ചെയ്തില്ല.
ആരോഗ്യനില വഷളായതിനെ തുടർന്ന് ജനുവരി 29ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം 14 ദിവസത്തെ കുത്തിവെപ്പിനായി വീണ്ടും ജില്ലാ ആശുപത്രിയിലേക്കു വിട്ടു. എന്നാല്‍, മൂന്ന് ദിവസം കഴിഞ്ഞ് മരുന്നുകള്‍ ലഭ്യമല്ലെന്ന് പറഞ്ഞ് കുത്തിവയ്പ്പ് നിർത്തി.
ഫെബ്രുവരി 17ന് വീണ്ടും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് 23ന് ഐ.സി.യുവിലേക്കു മാറ്റിയെങ്കിലും പിറ്റേന്നുതന്നെ വാർഡിലേയ്ക്ക് മാറ്റി.ശേഷം സൗകര്യങ്ങള്‍ ഇല്ലെന്നു പറഞ്ഞ് മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനകളിലാണ് അമീബിക് മസ്തിഷ്ക്ക ജ്വരമാണെന്ന് കണ്ടെത്തിയത്.രോഗം കണ്ടെത്താൻ വൈകിയതും ചികിത്സയില്‍ ഉണ്ടായ തടസങ്ങളുമാണ് സ്ഥിതി വഷളാക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.



