
തിരുവനന്തപുരം: കാസർകോട് നിന്നാരംഭിച്ച യു.ഡി.എഫിന്റെ പുതുയുഗ യാത്ര ഇന്ന് തലസ്ഥാനത്ത് സമാപിക്കും. വൈകിട്ട് 5ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമാപനസമ്മേളനം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 4ന് ജാഥാ ക്യാപ്ടൻ വി.ഡി.സതീശനെ സെക്രട്ടേറിയറ്റ് ആസാദ് ഗേറ്റിനു മുന്നിൽ യു.ഡി.എഫ് തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് റാലിയായി പുത്തരിക്കണ്ടം മൈതാനത്തേക്ക് നീങ്ങും.
യാത്രയുടെ ഭാഗമായി 25 ദിവസത്തിനിടെ 121 പൊതുസമ്മേളനങ്ങളാണ് സംഘടിപ്പിച്ചത്. ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹാരം നിർദ്ദേശിക്കാനും യു.ഡി.എഫ് സംഘടിപ്പിച്ച ഹെൽത്ത് കോൺക്ലേവിന്റെ നയരേഖ കോഴിക്കോടും ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന്റെ നയരേഖ തൃശൂരും പ്രകാശനം ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘സംവദിക്കാം പുതുയുഗത്തിനായ്” എന്ന സംവാദവും 14 ഇടങ്ങളിൽ സംഘടിപ്പിച്ചു. എൻഡോസൾഫാൻ ദുരിത ബാധിതർ, കർഷകർ, അങ്കണവാടി ടീച്ചർമാർ, ആശവർക്കർമാർ, ലോട്ടറി തൊഴിലാളികൾ, പ്രീ പ്രൈമറി ടീച്ചേഴ്സ്, കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ്, ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കൾ, ഒന്നാം റാങ്ക് കിട്ടിയിട്ടും നിയമനം കിട്ടാത്ത ഉദ്യോഗാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
സമാപനസമ്മേളനത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, ദീപാദാസ് മുൻഷി, പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫ്, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി,
യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, എം.പിമാർ, എം.എൽ.എമാർ, യു.ഡി.എഫ് നേതാക്കൾ എന്നിവർ പങ്കെടുക്കും.



