
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ നിന്ന് വൈകുന്നേരം അലാറം മുഴങ്ങി.പുതിയൊരു അതിഥിയെത്തിയെന്ന സന്തോഷത്തിലായിരുന്നു ജീവനക്കാർ. വൈകുന്നേരം അലാറം കേട്ട ഉടൻ തന്നെ നഴ്‌സിംഗ് സൂപ്രണ്ട് അജിത റാണിയുടെ നേതൃത്വത്തിലുള്ള കെയർടേക്കർമാർ ദത്തെടുക്കൽ കേന്ദ്രത്തിൽ നിന്നും അങ്ങോട്ടേക്ക് ഓടിയെത്തി.
എന്നാൽ, ഒരു കുരുന്നിനെ വരവേൽക്കാൻ സജ്ജമായെത്തിയ അവർ അവിടെ കണ്ടത് തികച്ചും വ്യത്യസ്തമായൊരു കാഴ്ചയായിരുന്നു.
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ 795 രൂപയാണ് അമ്മത്തൊട്ടിലിൽ ഉണ്ടായിരുന്നത്. 10, 20, 5, 2, 1 രൂപയുടെ നാണയങ്ങളാണ് ഇതിലുണ്ടായിരുന്നത്. അമ്മത്തൊട്ടിൽ സ്ഥാപിതമായതിനുശേഷം ഇതാദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവജാത ശിശുക്കളെ വഴിയോരങ്ങളിലോ കുപ്പത്തൊട്ടികളിലോ ഉപേക്ഷിക്കുന്നത് ഒഴിവാക്കി, അവർക്ക് സുരക്ഷിതമായ ജീവിതം നൽകാനായി സർക്കാർ ഒരുക്കിയ സംവിധാനമാണ് അമ്മത്തൊട്ടിൽ. ഇതിൽ ഒരു നിശ്ചിത ഭാരത്തിൽ കൂടുതൽ വന്നാൽ ഉടൻ തന്നെ ജീവനക്കാരെ അറിയിക്കാനുള്ള അലാറം മുഴങ്ങും. ഇത്തവണ നാണയത്തുട്ടുകളുടെ ഭാരം കാരണമാണ് അലാറം മുഴങ്ങിയത്.
അതേസമയം, ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്ക് സംരക്ഷണമൊരുക്കുന്ന സമിതിയുടെ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾ നൽകുന്ന സ്നേഹവും അംഗീകാരവുമായാണ് ഈ തുകയെ കാണുന്നതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി വ്യക്തമാക്കി.







