
കണ്ണൂര്‍: കണ്ണൂരിലെ സിപിഎം സ്ഥാനാർത്ഥിപ്പട്ടികയില്‍ അതൃപ്തിയും എതിർപ്പും. മട്ടന്നൂരില്‍ നിന്ന് പേരാവൂരിലേക്കുള്ള മാറ്റത്തില്‍ കെ കെ ശൈലജ തൃപ്തയല്ല.
എം വി ഗോവിന്ദന് പകരം ഭാര്യ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതില്‍ എതിർപ്പുണ്ട്. സമൂഹമാധ്യമങ്ങളില്‍ തീരുമാനത്തിനെതിരെ വിമർശനം ഉയരുകയാണ് .2006 ശൈലജ ജയിച്ചു കയറിയ സീറ്റാണ് പേരാവൂരെങ്കിലും കോണ്‍ഗ്രസിന്‍റെ ഉറച്ച സീറ്റ് എന്ന് കരുതപ്പെടുന്ന മണ്ഡലമാണ് പേരാവൂർ. കഴിഞ്ഞതവണ വൻഭൂരിപക്ഷം നേടിയ മട്ടന്നൂരില്‍ ഇത്തവണ വ്യവസ്ഥ പറഞ്ഞു ശൈലജയുടെ പേര് ജില്ലാ സെക്രട്ടറിയേറ്റ് വെട്ടി മാറ്റിയിരുന്നു.
എന്നാല്‍ സംസ്ഥാന നേതൃത്വം ഇത് വിവാദമാകും എന്ന് ഭയന്ന് ശൈലജയുടെ പേര് പരിഗണിക്കാൻ ജില്ലാ സെക്രട്ടറിയേറ്റിനോട് നിർദ്ദേശിക്കുകയായിരുന്നു. ശൈലജക്ക് ഉറച്ച മണ്ഡലം നല്‍കുന്നതിന് പകരം കെപിസിസി പ്രസിഡണ്ട് മത്സരിക്കുന്ന പേരാവൂരില്‍ മത്സരിക്കട്ടെ എന്നാണ് ഒടുക്കം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയ്ക്ക് നല്‍കിയതാകട്ടെ പാർട്ടി കോട്ടയായ തളിപ്പറമ്പും. തന്നോട് വിവേചനം കാണിക്കുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ പരാതിപ്പെട്ട ശൈലജയെ ജില്ലാ സെക്രട്ടറിയേറ്റ് നിയോഗിക്കുന്നത് കടുത്ത പരീക്ഷണത്തിനാണ്.
കഴിഞ്ഞതവണ കടുത്ത മുറവിളി ഉണ്ടായപ്പോഴാണ് ശൈലജയ്ക്ക് മട്ടന്നൂരില്‍ സിപിഎം സീറ്റ് നല്‍കിയത്. കൊവിഡ് കാലത്തെ കരുതലിന്റെ പേരില്‍ വോട്ട് നേടിയ സർക്കാർ ആരോഗ്യ മന്ത്രിയെ തന്നെ അവഗണിച്ചത് നഷ്ടമുണ്ടാക്കുമെന്ന് കരുതിയായിരുന്നു അന്നത്തെ ഒത്തുതീർപ്പ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശൈലജയെ അവഗണിച്ച് ശ്യാമളയ്ക്ക് സീറ്റ് നല്‍കുന്നതിനെതിരെ സമൂഹമാധ്യമത്തില്‍ അർജുൻ ആയെങ്കിയെ പോലുള്ള സിപിഎം അനുകൂലികള്‍ പ്രതികരണവുമായി രംഗത്തു വന്നിട്ടുണ്ട്. കുടുംബ വാഴ്ച ജനം തിരുത്താതിരിക്കട്ടെ എന്നാണ് ആയെങ്കി പോസ്റ്റില്‍ കുറിച്ചത്. സമാനമായ ഒട്ടേറെ പ്രതികരണങ്ങള്‍ സമൂഹമാധ്യമത്തില്‍ പാർട്ടി അനുഭാവികള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്



