കല്ലും മലയും താണ്ടി അവരെത്തുന്നു ; പ്രളയത്തിൽ താങ്ങായി ജീപ്പേഴ്‌സ് ക്ലബ്ബ്

കല്ലും മലയും താണ്ടി അവരെത്തുന്നു ; പ്രളയത്തിൽ താങ്ങായി ജീപ്പേഴ്‌സ് ക്ലബ്ബ്

സ്വന്തം ലേഖിക

തിരുവനന്തപുരം: ഉൾപ്രദേശങ്ങളിൽ എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് നേരിടുന്നത് കൊണ്ട് ചില പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസം നേരിടുന്നുണ്ട്. വിവിധ ആദിവാസി ഊരുകൾ ഇത്തരം പ്രദേശങ്ങളിൽപെടുന്നവയാണ്. അവർക്ക് ദുരിതാശ്വാസമെത്തിച്ച് വ്യത്യസ്തരാവുകയാണ് തിരുവനന്തപുരത്തുള്ള ജീപ്പേഴ്‌സ് ക്ലബ്.

കഴിഞ്ഞ വർഷം പ്രളയത്തിലെ രക്ഷാപ്രവർത്തനത്തിലും ഇവർ സജീവമായിരുന്നു. തിരുവല്ല, പത്തനംതിട്ട, റാന്നി, ചെങ്ങന്നൂർ,മൂന്നാർ തുടങ്ങിയിടത്താണ് കഴിഞ്ഞ വർഷം ക്ലബ് പ്രതിനിധികൾ സഹായമെത്തിച്ചത്. ആദിവാസി ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന വനിത സംയുക്ത സമിതിയുമായി ചേർന്നാണ് ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിച്ചത്. ഇത്തവണ മാനന്തവാടി,അട്ടപ്പാടി, അഗളി തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാണ് സാധനങ്ങൾ എത്തിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ വീടിലും നേരിട്ട് സഹായമെത്തിക്കാനാണ് ഇവരുടെ ശ്രമം. സാധാരണ വാഹനങ്ങൾക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ ഓഫ് റോഡ് വാഹനങ്ങളായ താർ, ജിപ്‌സി, തുടങ്ങിയ 4X4 വാഹനങ്ങളിലാണ് ജീപ്പേഴ്‌സ് എത്തുക. തിരുവനന്തപുരത്തുള്ള സാൽവേഷൻ ആർമി ജോൺസൺ ഹാളിലാണ് ജീപ്പേഴ്‌സ് ക്ലബിന്റെ കളക്ഷൻ പോയിന്റ്. നാനതുറകളിലുള്ള ആളുകളാണ് കളക്ഷൻ പോയിന്റിൽ സാധനങ്ങൾ എത്തിച്ച് കൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ നാളെ 15 വാഹനങ്ങളിലാണ് സാധനങ്ങളുമായി പുറപ്പെടുന്നത്. സാധനങ്ങൾ ഇപ്പോൾ എത്തുന്നത് കുറവാണെന്നും ദുരിതബാധിതർക്ക് വേണ്ടി സഹായങ്ങൾ നൽകണമെന്നും ക്ലബ് അംഗങ്ങൾ ആവശ്യപ്പെടുന്നു. 140 അംഗങ്ങൾ അടങ്ങിയ സംഘടനയാണ് ട്രിവാൻഡ്രം ജീപ്പേഴ്‌സ് ക്ലബ്.

Tags :