
അടിമാലി: ഇടുക്കി മാങ്കുളത്ത് പ്രവർത്തിക്കുന്ന ഗ്രാന്റ് ക്ലിഫ് റിസോർട്ടിന് എതിരെ വ്യാപക ക്രമക്കേട് കണ്ടെത്തിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് പരാതി. മറ്റൊരാളുടെ പേരിലുള്ള പട്ടയ സ്ഥലത്തും, വനം ഭൂമിയും, റവന്യു ഭൂമിയും കയ്യേറിയും നിർമ്മിച്ച റിസോർട്ടിനെതിരെ നിരവധി പരാതി ഉയരുകയും, അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തുകയും ചെയ്തിട്ടും നടപടിയില്ലെന്നാണ് ആരോപണം ഉയരുന്നത്. പരാതിയുമായി പൊതുപ്രവർത്തർ ഹൈക്കോടതിയെ അടക്കം സമീപിച്ചിട്ടും റിസോർട്ടിന് മേൽ ഉദ്യോഗസ്ഥർ സംരക്ഷണ വലയം തീർത്തിരിക്കുകയാണ്.
ദേവികുളം താലൂക്ക് മാങ്കുളം വില്ലേജ് വിരിപാറ ഗ്രാന്റ് ക്ലിഫ് ഹോട്ടൽസ് ആന്റ് റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് എതിരെയാണ് ഗുരുതര പരാതി ഉയരുകയും വ്യാപക ക്രമക്കേട് കണ്ടെത്തുകയും ചെയ്തത്. റിസോർട്ട് നടത്തിയ വ്യാപക കയ്യേറ്റത്തിന് എതിരെ ഇടുക്കി ജില്ലാ കളക്ടർക്കും, തഹസീൽദാർക്കും പൊതുപ്രവർത്തകൻ പരാതിയും നൽകിയിരുന്നു. ഈ റിസോർട്ടിന് എതിരെ പൊതുപ്രവർത്തകൻ ഹൈക്കോടതിയെ സമീപിക്കുകയും ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ഉത്തരവ് നേടിയെടുക്കുകയും ചെയ്തിരുന്നു.
തുടർന്ന് താലൂക്ക് സർവേയർ നടത്തിയ പരിശോധനയിൽ റിസോർട്ട് നിൽക്കുന്നത് റവന്യു ഭൂമിയും, വനഭൂമിയും കയ്യേറിയാണ് എന്ന് കണ്ടെത്തിയിരുന്നു. സ്റ്റീഫൻ അലക്സാണ്ടർ എന്നയാൾക്ക് വീട് വയ്ക്കാനായി പട്ടയം നൽകിയ 72 സെന്റ് ഭൂമിയും ഈ റിസോർട്ടിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഈ ഭൂമിയിൽ കൊക്കോയും, കാപ്പിയും, കുരുമുളകും കൃഷി ചെയ്യുകയാണ് എന്നാണ് സ്ഥലം ഉടമയായ സ്റ്റീഫൻ പട്ടയത്തിനായി നൽകിയ സത്യവാങ്ങ് മൂലത്തിൽ നൽകിയത്. എന്നാൽ , ഇത്തരത്തിൽ സത്യവാങ്മൂലം നൽകിയ ഭൂമിയിൽ നിലവിൽ റിസോർട്ടിൻ്റെ ഭാഗമായുള്ള കോൺക്രീറ്റ് കെട്ടിടവും ഗാർഡനുമാണ് പ്രവർത്തിക്കുന്നത്. സ്ഥലം പരിശോധിച്ച തഹസീൽദാരും ഇത് തന്നെയാണ് വ്യാജമായി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. എന്നാൽ, നിലവിൽ 12 വർഷം കൈമാറ്റം ചെയ്യരുതെന്ന ചട്ടം നിലനിൽക്കുന്ന പട്ടയ ഭൂമിയിലാണ് റിസോർട്ട് നിർമ്മാണം നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈക്കോടതി അടക്കം വിഷയത്തിൽ ഇടപെട്ടതോടെ റിസോർട്ടിന്റെ മുൻ ഭാഗത്തെ റവന്യു ഭൂമിയിലെ ഒരു കയ്യേറ്റം മാത്രം പൊളിച്ചു നീക്കി തന്ത്രപരമായി വിഷയം ഒതുക്കി തീർക്കാനാണ് തഹസീൽദാർ ഇപ്പോൾ ശ്രമിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇവിടെ കെട്ടിടം നിർമ്മിക്കുവാനുള്ള എൻ.ഒ.സി നൽകിയിട്ടില്ലെന്ന രേഖകൾ അടക്കം 2023 ൽ തന്നെ പുറത്ത് വന്നിരുന്നു. ഇത് അടക്കം നിലനിൽക്കുമ്പോഴാണ് റിസോർട്ട് ഭൂമിയിൽ ഉയർന്നത്.
കയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഭൂമി അളന്ന് തിട്ടപ്പെടുത്തിയ താലൂക്ക് സർവേയർ ഇവിടെ റവന്യു ഭൂമി കയ്യേറിയതും, വനം ഭൂമിയിലെ കയ്യേറ്റവും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥലം ആർ.ടി.കെ മിഷ്യൻ ഉപയോഗിച്ച് അളന്ന് സർക്കാർ ഭൂമി കണ്ടെത്തണമെന്ന റിപ്പോർട്ടും നിലവിലുണ്ട്. ഇതെല്ലാം നിലനിൽക്കെയാണ് ഈ റിസോർട്ട് ഉടമയെ സംരക്ഷിക്കുന്ന നിലപാടുമായി അധികൃതരിൽ ചിലർ രംഗത്ത് എത്തിയത്.
റിസോർട്ടിനെ സംരക്ഷിക്കുന്ന നിലപാട് ചില ഉദ്യോഗസ്ഥർ സ്വീകരിച്ചതോടെ പരാതിക്കാർ വിജിലൻസിനെ സമീപിച്ചിരുന്നു. വിജിലൻസ് ഡയറകുടറുടെ നിർദേശാനുസരണം ഇടുക്കി വിജിലൻസ് യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഈ റിസോർട്ടിന് ചട്ടങ്ങൾ പാലിക്കാതെയും ഫയർ എൻഒസിയില്ലാതെ പെർമിറ്റും കെട്ടിട നമ്പരും നൽകിയതിനാൽ പഞ്ചായത്തിലെ നാല് ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പ് തല നടപടിയെക്ക് വിജിലൻസ് ശുപാർശ ചെയ്തിരുന്നു. ഫയർ എൻ.ഒ.സിയില്ലാതെ പ്രവർത്തിക്കുന്ന കെട്ടിടത്തിന് എതിരെ നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടർക്കും വിജിലൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇത് അടക്കമുള്ള ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.



