
തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തയച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
പ്രവാസികളുടെ സുരക്ഷ ദേശീയ ഉത്തരവാദിത്വമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും അയച്ച കത്തിൽ കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. സംഘർഷം വ്യാപിക്കാനുള്ള സാധ്യത ഉയരുന്ന പശ്ചാത്തലത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികളിൽ ആശങ്കയും ഭീതിയും വർധിച്ചിരിക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷിതമായ യാത്രാസൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യമായാൽ പ്രത്യേക വിമാന സർവീസുകൾ ഉൾപ്പെടെ അടിയന്തര സംവിധാനം ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നത് കേന്ദ്ര സർക്കാരിന്റെ അടിയന്തര ഉത്തരവാദിത്വമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗൾഫ് മേഖലയിലേക്ക് സംഘർഷം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അവിടങ്ങളിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും ഇന്ത്യൻ പൗരന്മാരുമായി നിരന്തരം ബന്ധം പുലർത്തുകയും ആവശ്യമായ ഘട്ടങ്ങളിൽ സഹായം എത്തിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യണമെന്ന് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.



