
കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ നാളെ. ദേവിയെ തങ്ക ഗോളകയും ആഭരണങ്ങളും പട്ടുടയാടകളും താമരമാലയും അണിയിച്ച്, നെയ് വിളക്കിൽ തിരി തെളിച്ച് ഉച്ചയ്ക്ക് രണ്ടിന് മകം ദർശനത്തിനായി നട തുറക്കും.
രാത്രി 9.30 വരെയാണ് ഭക്തർക്കു മകം തൊഴാനുള്ള സമയം. മകം തൊഴലിനു ശേഷം രാത്രി 11ന് ദേവി മങ്ങാട്ടുമനയിലേക്കു പുറപ്പെട്ട് ഇറക്കിപ്പൂജ.
തിരികെ ക്ഷേത്രത്തിലെത്തി മകം വിളക്കിനെഴുന്നള്ളിപ്പ്. മകം തൊഴാനെത്തുന്ന ഭക്തര്ക്കായി എല്ലാ സജ്ജീകരണങ്ങളും ക്ഷേത്രത്തിലും പരിസരസ്ഥലങ്ങളിലും ഒരുങ്ങിക്കഴിഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സർവാഭരണ വിഭൂഷിതയായി അഭയവരദ മുദ്രകളോടെ വില്വമംഗലം സ്വാമിയാർക്കു ദേവി ദർശനം നൽകിയതിന്റെ സ്മരണയിലാണ് മകം തൊഴൽ നടത്തുന്നത്. രാവിലെ 5.30ന് ഓണക്കുറ്റിച്ചിറയിൽ ആറാട്ട്, ഇറക്കിപ്പൂജ.
ആറാട്ടുകടവിൽ പറകൾ സ്വീകരിച്ചശേഷം ദേവി ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. ചോറ്റാനിക്കര മുരളീധര മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളത്തോടെ മകം എഴുന്നള്ളിപ്പ്. തുടർന്ന് വൈക്കം ഉദയകുമാർ, വൈക്കം ഗിരീഷ് കുമാർ സംഘത്തിന്റെ നാഗസ്വരം, ഉച്ചയ്ക്ക് ഒന്നിന് മകം ഒരുക്കങ്ങൾക്കായി നട അടയ്ക്കും.
പൂരം നാളായ 3നു രാവിലെ 5.30ന് പറയ്ക്കെഴുന്നള്ളിപ്പ്, 9ന് ആറാട്ട്, രാത്രി 7.30നു വലിയ കീഴ്ക്കാവിലേക്ക് എഴുന്നള്ളിപ്പ്, 8ന് കുഴിയേറ്റ് ശിവക്ഷേത്രത്തിൽ നിന്നുള്ള പൂരം എഴുന്നള്ളിപ്പ് വലിയ കീഴ്ക്കാവിലെത്തി ഭഗവതി,
ശാസ്താവ് എന്നിവരോടൊപ്പം പൂരം എഴുന്നള്ളിപ്പ്, 9.30ന് ഓണക്കുറ്റിച്ചിറ ഭഗവതി, തുളുവൻ കുളങ്ങര വിഷ്ണു, എടാട്ട് ഭഗവതി, കർത്തക്കാട്ട് ഭഗവതി എന്നീ ക്ഷേത്രങ്ങളിലെ പൂരം എഴുന്നള്ളിപ്പ് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടപ്പുരയിലെത്തും,
11ന് മേൽക്കാവ് ഭഗവതി, അകത്തെ ശാസ്താവ്, കുഴിയേറ്റ് ശിവൻ എന്നിവരെയും ചേർത്ത് 7 ദേവീദേവന്മാരുടെ കൂട്ടിയെഴുന്നള്ളിപ്പ്. 12ന് എഴുന്നള്ളിപ്പ് പൂരപ്പറമ്പിൽ എത്തിയ ശേഷം കരിമരുന്ന് പ്രയോഗം.



