
കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തില്‍ മന്ത്രിയുടെ മൊഴി രേഖപ്പെടുത്താൻ റെയില്‍വെ പൊലീസ്.
ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് മന്ത്രിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്താൻ കഴിയാതിരുന്നത്. എന്നാൽ ഏത് തരത്തിലുള്ള ആയുധമുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്താൻ മന്ത്രിയുടെ നേരിട്ടുള്ള മൊഴി ആവശ്യമാണെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു.
മന്ത്രിയുടെ ദേഹത്ത് ആയുധം കൊണ്ടുള്ള പരിക്കുകള്‍ ഇല്ലാത്തതും ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തതുകൊണ്ടും വധശ്രമക്കേസ് നിലനില്‍ക്കില്ലെന്നാണ് പൊലീസിനുള്ളില്‍ നിന്നുതന്നെ ഉയരുന്ന ഭിന്നാഭിപ്രായം. കേസില്‍ അറസ്റ്റിലായ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എംസി അതുല്‍ അടക്കമുള്ള അഞ്ച് പേർ നിലവില്‍ റിമാൻഡിലാണ്. ഇവരുടെ ജാമ്യഹർജി പരിഗണിക്കവെയാണ് പൊലീസ് കാര്യങ്ങള്‍ വിശദീകരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റെയില്‍വെ സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ കെഎസ്‌യു പ്രവർത്തകർ ‘കൊല്ലെടാ’ എന്ന് ആക്രോശിച്ചുകൊണ്ട് ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണതായും, തടയാൻ ശ്രമിച്ച മന്ത്രിയുടെ അംഗരക്ഷകരെ ഇവർ മർദ്ദിച്ചതായുമാണ് പൊലീസ് റിപ്പോർട്ട്. നിലവില്‍ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മന്ത്രിയെ തടഞ്ഞതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.



