സംസ്ഥാനത്ത് എസ്എംഎ രോഗത്തിനുള്ള സൗജന്യ മരുന്ന് ഇനി 25 വയസ് വരെ ലഭിക്കും; ഇതിനായി 30 കോടി രൂപ വകയിരുത്തിയതായി ആരോഗ്യമന്ത്രി

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എംഎ രോഗത്തിനുള്ള സൗജന്യ മരുന്ന് ഇനി 25 വയസ് വരെ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.

video
play-sharp-fill

12 വയസ് വരെ നൽകിയിരുന്ന മരുന്നാണ് 25 വയസാക്കിയത്. ജനിതക പരിശോധനയിലൂടെ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) ടൈപ്പ് 2 സ്ഥിരീകരിച്ച രോഗികളെയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രോഗികളും അവരുടെ കൂട്ടായ്മകളും ദീർഘകാലമായി മുന്നോട്ടുവെച്ച ആവശ്യങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനം. ഇതിനായി കഴിഞ്ഞ ബജറ്റിൽ 30 കോടി രൂപ പ്രത്യേകമായി വകയിരുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ കേരളത്തിൽ എസ്എംഎ സ്ഥിരീകരിച്ച രോഗികളിൽ 80 ശതമാനത്തോളം പേർക്ക് സൗജന്യ മരുന്ന് ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

അപൂർവ രോഗങ്ങൾക്കുള്ള ചികിത്സകൾ അതീവ ചെലവേറിയതും ദീർഘകാല പിന്തുണ ആവശ്യമുള്ളതുമാണ്. ഇത് പരിഹരിക്കാനായാണ് 2024-ൽ അപൂർവ രോഗ ചികിത്സയ്ക്കുള്ള സമഗ്ര പരിചരണ പദ്ധതി കെയർ ആവിഷ്‌ക്കരിച്ചത്.

ഈ പദ്ധതിയിലൂടെ നിരവധി കുട്ടികൾക്ക് സൗജന്യ ചികിത്സയും തുടർച്ചയായ പിന്തുണയും നൽകിയിരുന്നു. ഇപ്പോഴത്തെ തീരുമാനം വഴി യുവജനങ്ങളെയും ചികിത്സാ പരിധിയിൽ ഉൾപ്പെടുത്തുന്നതോടെ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സ്വയംപര്യാപ്തത വർധിപ്പിക്കാനും സാധിക്കും.

രോഗികളുടെ ജനിതക പരിശോധനയും വിദഗ്ധ സമിതിയുടെ ശുപാർശയും അടിസ്ഥാനമാക്കിയാകും മരുന്ന് വിതരണം നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.